“കണ്ണൂര്‍ ജില്ലയിലെ പൈതല്‍മലയില്‍ എട്ടുപേര്‍ക്കൊപ്പം കുർബാന അര്‍പ്പിക്കുമ്പോൾ കര്‍ത്താവ് സന്ദേശം നല്‍കി. നിപ വൈറസിനെ വിശുദ്ധ കുര്‍ബാനയിലേക്ക് സമര്‍പ്പിക്കുക. താന്‍ അതുപ്രകാരം ചെയ്തു. രണ്ടാം ദിവസവും അതേ സന്ദേശം കിട്ടി. അതുപോലെ ചെയ്തു. ആളുകളെക്കൊണ്ട് സ്തുതിപ്പിക്കുകയും ചെയ്തു. അതിന് ശേഷം കേരളത്തില്‍ നിന്ന് നിപ്പ വൈറസ് എന്ന പേരു പോലും കേട്ടിട്ടില്ല”.
“ശാസ്ത്രജ്ഞന്മാർ എന്തെങ്കിലും ചെയ്തതുകൊണ്ടല്ല, നിപ്പ വൈറസ് അപ്രത്യക്ഷമായത്. വിശുദ്ധ കുര്‍ബാനയുടെ ശക്തിയാല്‍, ഈശോയുടെ വിശുദ്ധ നാമത്തിന്റെ ശക്തിയാൽ ആണ് നിപ്പ വൈറസ് അപ്രത്യക്ഷമായത് ” -ആളുകളുടെ മുന്നിൽ സ്വയം അപഹാസ്യനാകുമെന്നും, ഒരു സഭയും അതിലെ വിശ്വാസികളും പരിഹാസ പാത്രങ്ങളാകും എന്നുപോലും ചിന്തിക്കാൻ ശേഷിയില്ലാത്ത ഈ കത്തോലിക്കാ വൈദികൻ്റെ തൊലിക്കട്ടിയാണ് വിശ്വാസികളെ പോലും അതിശയിപ്പിച്ചത്.
തുടച്ചുമാറ്റിയെന്ന് ധ്യാനഗുരു അവകാശപ്പെട്ട നിപ വൈറസ് വര്‍ഷാവര്‍ഷം കേരളത്തില്‍ വരുന്ന കാഴ്ചയാണ് അതിനു ശേഷവും കാണുന്നത്. കേരളത്തിൽ വിദ്യാഭ്യാസം സാർവത്രികമാകുന്നതിൽ കത്തോലിക്കാ സഭ വഹിച്ച പങ്ക് വലുതാണ്. അതേ സഭയിലെ ഒരു മുതിർന്ന വൈദികനാണ് അടിസ്ഥാന വിദ്യാഭ്യാസം എങ്കിലുമുള്ള ഒരാളും വിശ്വസിക്കാത്ത മട്ടിലുള്ള ഇത്തരം പ്രചാരണവുമായി പൊതുസമൂഹത്തിൽ ഇറങ്ങി നടക്കുന്നത്. തരിമ്പും ശാസ്ത്രബോധം ഇല്ലാത്ത വാചകമടിച്ച് സാധാരണ മനുഷ്യരുടെ സാമാന്യ ബുദ്ധിയെയും യുക്തിയെയും കൂടിയാണിവർ ചോദ്യംചെയ്യുന്നത്.