കളിയിക്കാവിള: തമിഴ്നാട് കളിയിക്കാവിളയിൽ മദ്യപനായ ഭർത്താവിനെ കൊലപ്പെടുത്തിയ ഭാര്യയെയും കാമുകനെയും പിടികൂടി. 8 വർഷങ്ങൾക്ക് മുൻപ് നടന്ന കൊലപാതകക്കേസിലാണ് പ്രതികൾ പിടിയിലായത്. തെങ്ങംപുത്തൂർ സ്വദേശി ഷീജ (21), കാമുകൻ കുളപുറം സ്വദേശി എഴിലും (35) ചേർന്നാണ് മടിച്ചൽ നുളളിക്കാട് വിള സ്വദേശി ശിവകുമാറിനെ (35) കൊന്ന് കെട്ടിത്തൂക്കിയത്.
ഷീജയും എഴിലും ചേർന്ന് തലയിണ മുഖത്ത് അമർത്തി ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു. ശേഷം ശിവകുമാറിന്‍റെ ആത്മഹത്യയാണെന്ന് വരുത്തിത്തീർക്കാൻ കെട്ടിത്തൂക്കുകയായിരുന്നു.
മദ്യപിച്ച് നിരന്തരം പ്രശ്നങ്ങൾ ഉണ്ടാക്കുന്ന ആളായിരുന്നു ശിവകുമാർ. പ്രശ്നങ്ങൾ പതിവായതോടെയാണ് ശിവകുമാറിനെ കൊലപ്പെടുത്താൻ ഷീജ തീരുമാനിച്ചത്. ഇതിനായാണ് കാമുകൻ എഴിലിന്‍റെ സഹായം ഷീജ സ്വീകരിച്ചത്.
സാമൂഹ്യ മാധ്യമം വഴിയാണ് ഷീജ വിദേശത്ത് ജോലി ചെയ്തിരുന്ന എഴിലിനുമായി സൗഹൃദത്തിലായത്. കൊല്ലപ്പെട്ട രാത്രിയിലും ശിവകുമാർ മദ്യപിച്ചാണ് വീട്ടിലെത്തിയത്. തുടർന്ന് ഷീജയെ മർദിക്കുകയും ചെയ്തു. ഇതോടെയാണ് യുവതി കാമുകനായ എഴിലിനെ വിളിച്ചു വരുത്തി ശിവകുമാറിനെ ഇരുവരും ചേർന്ന് മർദിക്കുകയും, മുഖത്ത് തലയിണ വെച്ച് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയതും.
2017 ഒക്‌ടോബർ 14 നായിരുന്നു കൊലപാതകം. ശിവകുമാറന്‍റെ മരണത്തിൽ ദുരുഹത ആരോപിച്ച് അമ്മ നൽകിയ പരാതിയിലാണ് അന്വേഷണം നടത്തിയത്.