ആലുവയിൽ കെ.പി.സി.സി നേതൃ മാറ്റത്തിനെതിരെ വ്യാപക പോസ്റ്റർ പ്രചരണം.സേവ് എന്ന പേരിൽ ആണ് പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്. ഫോട്ടോ കണ്ടാൽ സാധാരണ പ്രവർത്തകർ പോലും തിരിച്ചറിയാത്ത ആൻ്റോ ആന്‌റണിയും, സണ്ണി ജോസഫുമല്ല കേരളത്തിലെ കോൺഗ്രസിനെ നയിക്കേണ്ടത് എന്ന പേരിലാണ് പോസ്റ്റർ വിവിധയിടങ്ങളിൽ പതിച്ചിട്ടുള്ളത്.
ആലുവ പ്രൈവറ്റ് ബസ്റ്റാൻറ്, പമ്പ് കവല, താലൂക്ക് ആപ്പീസ്, കമ്പനിപ്പടി, മുട്ടം, കളമശ്ശേരി പ്രദേശങ്ങളിലാണ് പോസ്റ്റർ പ്രത്യക്ഷപ്പെട്ടത്.ദില്ലിയിൽ മല്ലികാർജ്ജുൻഖർഗയേയും രാഹൽഗാന്ധിയേയും കെ സുധാകരൻ കണ്ടതിന് പിന്നാലെയാണ് നേതൃമാറ്റ ചർച്ചകൾ വീണ്ടും സജീവമായത്. സുധാകരനെ ഡൽഹിക്ക് വിളിച്ച് നേതാക്കൾ നടത്തിയ കൂടിക്കാഴ്ചയിൽ സംസ്ഥാനത്ത് നിന്ന് ലഭിച്ച പരാതികളുടെ ചർച്ച നടന്നു. പാർട്ടിയുടെ നില പരുങ്ങലിലാണെന്ന പരാതി രാഹുൽ ഗാന്ധിക്ക് കിട്ടിയിരുന്നു. തെരഞ്ഞെടുപ്പുകൾ അടുത്ത് വരുന്ന സാഹചര്യത്തിൽ സംഘടന സംവിധാനം ശക്തമാക്കണമെന്ന നിർദ്ദേശം സുധാകരൻ നൽകി. ദേശീയ തലത്തിൽ പുനസംഘടന നടക്കുന്ന പശ്ചാത്തലത്തിൽ കേരളത്തിലും മാറ്റങ്ങളുണ്ടാകുമെന്ന് നേതൃത്വം അറിയിച്ചിട്ടുണ്ട്.