ഇല്ലാത്ത മോഷണക്കുറ്റം ചുമത്തി മാനസികമായി പീഡിപ്പിച്ച സംഭവം… പേരൂർക്കട എസ്ഐയെ സസ്പെൻഡ് ചെയ്തു…


        
ഇല്ലാത്ത മോഷണക്കുറ്റം ചുമത്തി പൊലീസ് സ്റ്റേഷനിൽ ദളിത് സ്ത്രീയെ മാനസികമായി പീഡിപ്പിച്ച സംഭവത്തിലെ സ്പെഷ്യൽ ബ്രാഞ്ച് അന്വേഷണ റിപ്പോർട്ടിൽ ഗുരുതര കണ്ടെത്തലുകൾ. ഇതേതുടർന്ന് പേരൂർക്കട എസ്ഐ പ്രസാദിനെ സസ്പെൻഡ് ചെയ്തു. ജിഡി ചാർജുള്ള പൊലീസുകാരെ സ്ഥലം മാറ്റും. ബിന്ദുവിന്റെ ആരോപണത്തിനു പിന്നാലെയാണ് നടപടി. സംഭവത്തിൽ തിരുവനന്തപുരം സിറ്റി പൊലീസ് കമ്മിഷണർ അടിയന്തര റിപ്പോർട്ട് തേടുകയും ആഭ്യന്തര അന്വേഷണം നടത്താൻ അസി.കമ്മിഷണർക്കു നിർദേശം നൽകുകയും ചെയ്തിരുന്നു. പേരൂർക്കട പൊലീസിനു ഗുരുതരമായ വീഴ്ച സംഭവിച്ചുവെന്നാണ് അധികൃതരുടെ വിലയിരുത്തൽ. വിഷയത്തിൽ മന്ത്രി ഒ.ആർ.കേളു പൊലീസിനോടു റിപ്പോർട്ട് തേടുകയും ചെയ്തിരുന്നു. വകുപ്പുതല അന്വേഷണം നടത്തുമെന്നാണു മന്ത്രി നേരത്തെ പറഞ്ഞത്. എസ്ഐയ്ക്കെതിരായ നടപടിയിൽ സന്തോഷമുണ്ടെന്നാണ് ബിന്ദു പറഞ്ഞു

എസ്ഐയ്ക്കെതിരെ മാത്രമല്ല, തന്നെ മാനസികമായി പീഡിപ്പിച്ച മറ്റ് രണ്ട് പൊലീസുകാർക്കെതിരെയും നടപടി വേണമെന്ന് ബിന്ദു ആവശ്യപ്പെട്ടു. ‘‘ക്രൂരമാനസിക പീഡനത്തിന് ഇരയാക്കിയ പ്രസന്നൻ എന്ന പൊലീസുകാരനെതിരെയും നടപടി വേണം. വെള്ളം ചോദിച്ചപ്പോൾ ശുചിമുറിയിൽ പോയി കുടിക്കാൻ പറഞ്ഞത് പ്രസന്നൻ ആണ്’’– ബിന്ദു പറഞ്ഞു. കള്ളപ്പരാതി നൽകിയ ആൾക്കെതിരെയും നടപടി എടുക്കണമെന്ന് ബിന്ദു ആവശ്യപ്പെട്ടിട്ടുണ്ട്. ഭാര്യയെ അസഭ്യം പറഞ്ഞ പ്രസന്നനെതിരെ നടപടി വേണമെന്ന് ബിന്ദുവിന്റെ ഭർത്താവും ആവശ്യപ്പെട്ടു.


‘‘പൊലീസ് വിളിച്ചപ്പോൾ തന്നെ ബിന്ദു സ്‌റ്റേഷനിലെത്തി താൻ മാല എടുത്തിട്ടില്ലെന്നു പറഞ്ഞിരുന്നു. വനിതാ പൊലീസ് ദേഹപരിശോധന നടത്തിയിട്ടും ഒന്നും കണ്ടില്ല. എന്നിട്ടും അറപ്പുളവാക്കുന്ന തരത്തിൽ പൊലീസ് ഉദ്യോഗസ്ഥർ അസഭ്യം പറഞ്ഞു. പെൺമക്കളെ വരെ അവഹേളിച്ചു. മുഖ്യമന്ത്രിയുടെ ഓഫിസിൽ പരാതിപ്പെട്ടിട്ടും ഫലമുണ്ടായില്ല. ഉടമയുടെ വീട്ടിൽനിന്ന് മാല കണ്ടെത്തിയിട്ടും ബിന്ദുവിനെ പ്രതിയാക്കിയാണ് എഫ്‌ഐആർ നൽകിയിരിക്കുന്നത്. ഡിജിപിക്ക് ഉൾപ്പെടെ പരാതി നൽകിയിട്ടുണ്ട്. കുറ്റക്കാരായ ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്ത ശേഷം അന്വേഷണം നടത്തണം’’ – സണ്ണി ജോസഫ് പറഞ്ഞു.


Previous Post Next Post