അനിശ്ചിതകാല രാപകൽ സമരത്തിൻ്റെ അടുത്തഘട്ടമായി ആശമാരുടെ ‘രാപകൽ സമരയാത്ര’


അനിശ്ചിതകാല രാപകൽ സമരത്തിൻ്റെ അടുത്തഘട്ടമായി ആശമാരുടെ ‘രാപകൽ സമരയാത്ര’. മെയ് അഞ്ചിന് രാവിലെ 10 മണിക്ക് കാസർഗോഡ് നിന്ന് ആരംഭിക്കും. സെക്രട്ടേറിയറ്റിന് മുന്നിൽ കഴിഞ്ഞ 83 ദിവസങ്ങളായി നടത്തിവരുന്ന അനിശ്ചിതകാല രാപകൽ സമരമാണ് സമര യാത്രയിലേക്ക് കടന്നത്. കാസർഗോഡ് നിന്ന് ആരംഭിച്ച് 45 ദിവസം നീണ്ടു നിൽക്കുന്ന സമരയാത്രയാണ് കേരള ആശാ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷൻ സംഘടിപ്പിക്കുന്നത്.

രാപകൽ സമരത്തിൻ്റെ 85ാം ദിനത്തിൽ കാസർഗോഡ് ടൗണിൽ നടക്കുന്ന ഉദ്ഘാടന ചടങ്ങിൽ നൂറുകണക്കിന് ആശമാരും സാമൂഹ്യ-സാംസ്കാരിക മേഖലയിലെ പ്രമുഖരും പങ്കെടുക്കും. സമരയാത്രയുടെ കൂടെ കലാസംഘവും അണിചേരും. ഒന്നാദിനം ബദിയടുക്ക , കുറ്റിങ്ങൽ എന്നിവിടങ്ങളിൽ നിന്ന് സ്വീകരണം ഏറ്റുവാങ്ങി വൈകിട്ട് 5 മണിക്ക് കാഞ്ഞങ്ങാട് സമാപിക്കും.

മെയ് ആറിന് രണ്ടാം ദിനം സമരയാത്ര 9.30 ന് പരപ്പയിൽ നിന്നാരംഭിച്ച് നീലേശ്വരം, ചെറുവത്തൂർ എന്നിവിടങ്ങളിലൂടെ പര്യടനം നടത്തും. വൈകിട്ട് അഞ്ചിന് തൃക്കരിപ്പൂരിൽ സമാപന സമ്മേളനം നടക്കും. തുടർന്ന്, കണ്ണൂർ ജില്ലയിലേക്ക് പ്രവേശിക്കും.

യു.ഡി.എഫ് സർക്കാർ അധികാരത്തിൽ വന്നാൽ കാബിനറ്റിൻറെ ആദ്യ തീരുമാനം ആശമാരുടെ ഓണറേറിയം വർധനവായിരിക്കുമെന്ന് കൺവീനർ എം.എം.ഹസൻ പറഞ്ഞു. കോഴിക്കോട് ഇന്നലെ നടന്ന (വെള്ളിയാഴ്ച) യുഡിഎഫിന്റെ സംസ്ഥാന ഏകോപന സമിതി യോഗത്തിലെടുത്ത തീരുമാനമറിയിക്കാനായി സമരവേദിയിൽ എത്തിയതായിരുന്നു അദ്ദേഹം. കോൺഗ്രസിന്റെയും മുന്നണിയുടെയും നിർദേശപ്രകാരം യു.ഡി.എഫ് പഞ്ചായത്തുകൾ ഓണറേറിയം വർധനവ് നടത്തിയിട്ടുണ്ട്.

അവശേഷിക്കുന്ന ബാക്കി എല്ലാ പഞ്ചായത്തുകളോടും വർധനവ് നടത്താൻ കർശന നിർദേശം നൽകി. എന്നാൽ, ഇപ്പോൾ ജില്ലാ ആസൂത്രണ കമ്മിറ്റികൾ ഇതിന് തടസം പറഞ്ഞിരിക്കുകയാണ്. യഥാർഥത്തിൽ യു.ഡി.എഫിന് സ്വാധീനമുള്ള കൂടുതൽ പഞ്ചായത്തുകളിൽ നിന്ന് ഇങ്ങനെയുള്ള നിർദേശം വരുമെന്ന് അവർ ഭയക്കുകയാണ്. എന്നാലും യു.ഡി.എഫിന് സ്വാധീനമുള്ള മൂന്ന് ആസൂത്രണ കമ്മിറ്റികളിൽ അത് നടപ്പിലാക്കപ്പെടും.ബാക്കിയുള്ളവയുടെ കാര്യത്തിൽ അതിലപ്പുറം എന്ത് ചെയ്യാൻ പറ്റുമെന്ന് ആലോചിക്കും.

സെക്രട്ടേറിയറ്റിന് മുന്നിൽ വെയിലും മഴയും കൊണ്ട് സമരം നടത്തുന്ന ആശമാരെ രാഷ്ട്രീയ പാർട്ടികളും കേരളത്തിൻറെ പൊതു സമൂഹവും അനാഥരാക്കുകയില്ല. കേരള സാഹിത്യ അക്കാദമിയുടെ അധ്യക്ഷനും ഇടതു സഹയാത്രികനുമായ കെ. സച്ചിദാനന്ദനും സാഹിത്യകാരി സാറാ ജോസഫുമടക്കമുള്ളവർ സർക്കാരിന്റെ ഈ മനോഭാവം പ്രതിഷേധർഹമാണെന്ന് പറഞ്ഞത് അതുകൊണ്ടാണ്. ആവശ്യങ്ങൾ നേടിയെടുക്കുന്നതുവരെ ഈ സമരത്തിൽ നിന്ന് പിൻവാങ്ങില്ലായെന്നആശമാരുടെ നിശ്ചയദാർഢ്യത്തെയും ഉറച്ച നിലപാടിനെയും അഭിവാദ്യം ചെയ്യുന്നുവെന്നും അവസാനം വരെ സമരത്തിന് യുഡിഎഫ് പൂർണപിന്തുണ നൽകുമെന്നും എം.എം. ഹസൻ പറഞ്ഞു.

Previous Post Next Post