ഒളിംപിക്‌സ് വേദിക്ക് അവകാശവാദം ഉന്നയിക്കാന്‍ ഇന്ത്യ.. സംഘം സ്വിറ്റ്‌സര്‍ലന്‍ഡിലേക്ക്…


        
2036ലെ ഒളിംപിക്‌സ് വേദിക്കായി ഇന്ത്യ ആവശ്യമുന്നയിക്കും. ഗുജറാത്തിന് ഒളിംപികിസ് വേദി അനുവദിക്കണമെന്നാണ് ആവശ്യം. ഇതുമായി ബന്ധപ്പെട്ട് ഇന്ത്യന്‍ സംഘം അടുത്ത മാസം സ്വിറ്റ്‌സര്‍ലന്‍ഡ് സന്ദര്‍ശിക്കും. കായിക മന്ത്രാലയം, ഗുജറാത്ത് സര്‍ക്കാര്‍, ഇന്ത്യന്‍ ഒളിംപിക് അസോസിയേഷന്‍ എന്നിവയുടെ പ്രതിനിധികള്‍ സംഘത്തിലുണ്ട്. ഗുജറാത്ത് കായിക മന്ത്രി, പി ടി ഉഷ തുടങ്ങിയവരുമുണ്ട്.
പ്രതിനിധി സംഘം ജൂണ്‍ മാസം അവസാനം സ്വിറ്റ്‌സര്‍ലന്‍ഡിലെ അന്താരാഷ്ട്ര ഒളിംപിക് കമ്മിറ്റിയുടെ ആസ്ഥാനത്തേയ്ക്ക് പോകുമെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

ജൂണ്‍ 30 മുതല്‍ ജൂലൈ 2 വരെ ഐഒസിയുടെ ഫ്യൂച്ചര്‍ ഹോസ്റ്റ് കമ്മീഷനുമായാണ് (എഫ്എച്ച്‌സി) ഇന്ത്യന്‍ പ്രതിനിധി സംഘം കൂടിക്കാഴ്ച നടത്തുക. 2036 ഒളിംപിക്‌സിന് ആതിഥേയത്വം വഹിക്കുന്നതിനായി ഒക്ടോബറില്‍ രാജ്യം താല്‍പ്പര്യം പ്രകടിപ്പിച്ചതിനുശേഷം എഫ്എച്ച്‌സിയുമായി ഇന്ത്യന്‍ പ്രതിനിധികള്‍ നടത്തുന്ന ആദ്യത്തെ നേരിട്ടുള്ള കൂടിക്കാഴ്ചയായിരിക്കും ഇത്.

2036 ഒളിംപിക്‌സിന് ആതിഥേയത്വം വഹിക്കുന്നതിന് ഗുജറാത്തിന് വേദി നല്‍കണമെന്നതാണ് ഇന്ത്യയുടെ ആവശ്യം. ഇതിന്റെ ഭാഗമായാണ് ഗുജറാത്ത് സര്‍ക്കാര്‍ പ്രതിനിധികളും ഇന്ത്യന്‍ സംഘത്തില്‍ ഉള്‍പ്പെടുന്നത്. ഒളിംപിക്‌സ് തയ്യാറെടുപ്പുമായി ബന്ധപ്പെട്ട അപ്ഡേറ്റുകള്‍ അവതരിപ്പിക്കുകയും ഐഒസിയുടെ ഫീഡ്ബാക്കും മാര്‍ഗ്ഗനിര്‍ദ്ദേശവും സ്വീകരിക്കുകയും ചെയ്യുക എന്നതാണ് സന്ദര്‍ശനത്തിന്റെ ലക്ഷ്യം.

        

Previous Post Next Post