അധ്യാപക പരിശീലനത്തിനിടയിൽ വളകാപ്പ് ചടങ്ങ്…അനുമതി നൽകിയതാര്?..




കോഴിക്കോട് : അധ്യാപക പരിശീലനത്തിനിടെ ഗര്‍ഭിണിയായ സഹപ്രവര്‍ത്തകയ്ക്കായി വളകാപ്പ് ചടങ്ങ് നടത്തിയതില്‍ വിശദീകരണം തേടി വിദ്യാഭ്യാസ വകുപ്പ്.

കോഴിക്കോട് കുന്നുമ്മല്‍ ബിആര്‍സിയുടെ നേതൃത്വത്തില്‍ വട്ടോളി നാഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ നടന്ന പരിശീലനത്തിനിടെയാണ് സംഭവം. പരിപാടിയുടെ വീഡിയോ വൈറല്‍ ആയതിന് പിന്നാലെയാണ് സംസ്ഥാന പ്രൊജക്ട് ഓഫീസര്‍ ബിപിഒയില്‍ നിന്നും വിശദീകരണം തേടിയത്.

പരിപാടിക്ക് വന്ന എല്‍പി വിഭാഗം അധ്യാപകരാണ് വളകാപ്പ് ചടങ്ങ് നടത്തിയത് എന്നാണ് വിവരം. മെയ് 13 മുതല്‍ നടന്ന ആദ്യഘട്ട പരിശീലനത്തിന്റെ അവസാന ദിവസമായിരുന്നു പരിപാടി. എന്നാല്‍ പരിശീലന പരിപാടി പൂര്‍ത്തിയാക്കിയ ശേഷമാണ് പരിപാടി സംഘടിപ്പിച്ചതെന്ന് അധ്യാപകര്‍ പറയുന്നു.

ബിആര്‍സി അധികൃതര്‍ അറിയാതൊണ് അധ്യാപകര്‍ പരിപാടി നടത്തിയതെന്ന് ജില്ലാ പ്രോജക്ട് ഓഫീസര്‍ ഡോ.അബ്ദുള്‍ ഹക്കീം പറഞ്ഞതായാണ് റിപ്പോര്‍ട്ടുകള്‍. അധ്യാപക പരിശീലനത്തിന് യോജ്യമല്ലാത്ത പരിപാടികള്‍ പൂര്‍ണമായി ഒഴിവാക്കാന്‍ കര്‍ശന നിര്‍ദേശം നല്‍കിയതായും അദ്ദേഹം പറഞ്ഞു.
أحدث أقدم