നീറ്റ് പരീക്ഷക്ക് വ്യാജ ഹാൾടിക്കറ്റ്; അക്ഷയ സെന്‍റര്‍ ജീവനക്കാരിക്കെതിരെ കൂടുതൽ പരാതി


തിരുവനന്തപുരം: നീറ്റ് പരീക്ഷക്ക് വ്യാജ ഹാൾടിക്കറ്റ് നിര്‍മ്മിച്ച അക്ഷയ സെന്‍റര്‍ ജീവനക്കാരിക്കെതിരെ വീണ്ടും പരാതി. സമാനമായ തട്ടിപ്പ് മുൻപും നടത്തിയെന്നാണ് കേസ്. തിരുപുറം സ്വദേശിനിയായ ഗ്രീഷ്മക്കെതിരെയാണ് വ്യാജ ഹാള്‍ടിക്കറ്റ് നിര്‍മ്മിച്ച് നല്‍കിയതിനും പണം കബളിപ്പിച്ചതിനും നെയ്യാറ്റിന്‍കര പൊലീസ് കേസെടുത്തത്. വിവിധ എൻട്രൻസ് പരീക്ഷകൾക്കായി രജിസ്റ്റര്‍ ചെയ്യുന്നിന് 23,300 രൂപ വാങ്ങിയെന്നാണ് പരാതി.

സെന്‍റര്‍ ദൂരെയായിരുന്നതിനാൽ പരീക്ഷക്ക് ഹാജരായിരുന്നില്ലെന്നാണ് പരാതിക്കാരൻ പറയുന്നത്. ഇത്തരത്തിൽ വ്യാപകമായി തട്ടിപ്പ് നടന്നിട്ടുണ്ടോയെന്ന കാര്യവും പൊലീസ് പരിശോധിക്കുന്നുണ്ട്. വ്യാജ ഹാള്‍ക്കറ്റ് നിര്‍മ്മിച്ച് നല്‍കിയ കേസില്‍ പരശുവക്കലിലെ ബന്ധുവീട്ടില്‍ നിന്നും കഴിഞ്ഞ ദിവസം പത്തനംതിട്ട പൊലീസ് ഗ്രീഷ്മയെ പിടികൂടിയിരുന്നു.

അന്ന് ഗ്രീഷ്മ ഹാള്‍ടിക്കറ്റ് നിര്‍മ്മിച്ചു നല്‍കിയ അക്ഷയ സെന്‍ററിലെത്തിച്ച് പത്തനംതിട്ട പൊലീസ് തെളിവെടുപ്പ് നടത്തി. അക്ഷയ സെന്ററിലെത്തിച്ച ഗ്രീഷ്മയെ മണിക്കൂറുകളോളം പത്തനം തിട്ട പൊലീസ് ചോദ്യം ചെയ്തു. അക്ഷയാ സെന്ററില്‍ തെളിവെടുപ്പും നടത്തിയെങ്കിലും ഈ തട്ടിപ്പ് വിവരം പുറത്തറിയിച്ചിരുന്നില്ല. എന്നാല്‍, കഴിഞ്ഞ ദിവസം നെയ്യാറ്റിന്‍കര പൊലീസിന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് പുതിയ തട്ടിപ്പിനെ കുറിച്ച് അന്വേഷണം നടക്കുന്നത്.

أحدث أقدم