വാഹനത്തിന് സൈഡ് നല്‍കുന്നതുമായി ബന്ധപ്പെട്ട് സിഐഎസ്എഫ് ഉദ്യോഗസ്ഥരും ഐവിനും തമ്മില്‍ തര്‍ക്കം ഉണ്ടായിരുന്നതായി നാട്ടുകാര്‍ പറഞ്ഞതായി പൊലീസ് പറയുന്നു. കാറില്‍ രണ്ട് സിഐഎസ്എഫ് ഉദ്യോഗസ്ഥരാണ് ഉണ്ടായിരുന്നത്. തര്‍ക്കത്തെ തുടര്‍ന്ന് ഐവിന്‍ സിഐഎസ്എഫ് ഉദ്യോഗസ്ഥന്‍ ഓടിച്ച കാറിന് മുന്നില്‍ നിന്നു. ഐവിന്‍ മുന്നില്‍ നില്‍ക്കുന്നത് കണക്കാക്കാതെ സിഐഎസ്എഫ് ഉദ്യോഗസ്ഥന്‍ കാര്‍ മുന്നോട്ടെടുത്തതായാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ഇക്കാര്യത്തില്‍ കൂടുതല്‍ വ്യക്തത വരാനുണ്ടെന്നും അന്വേഷണം നടക്കുകയാണെന്നുമാണ് പൊലീസ് പറയുന്നത്.
മുന്നോട്ടെടുത്ത കാര്‍ ഇടിച്ച് ബോണറ്റിലേക്ക് വീണ ഐവിനെ കുറച്ചുദൂരം വലിച്ചിഴച്ചതായാണ് പൊലീസ് സംശയിക്കുന്നത്. തുടര്‍ന്ന് താഴേക്ക് വീണ് ഐവിന് ഗുരുതരമായി പരിക്കേറ്റതായുമാണ് പൊലീസിന് ലഭിച്ച വിവരം. സംഭവത്തിന് പിന്നാലെ കാറില്‍ നിന്ന് ഒരു സിഐഎസ്എഫ് ഉദ്യോഗസ്ഥന്‍ ഓടുകയും മറ്റൊരാള്‍ പരിക്കേറ്റ് അങ്കമാലിയിലെ ആശുപത്രിയില്‍ ചികിത്സയില്‍ തുടരുന്നതുമായാണ് റിപ്പോര്‍ട്ട്. വിമാനത്താവളത്തിന് അടുത്തുള്ള ഒരു വലിയ ഹോട്ടലിലെ ഷെഫാണ് ഐവിന്‍. ജോലി കഴിഞ്ഞ് രാത്രിയില്‍ തിരികെ പോകുന്നതിനിടെയാണ് സംഭവം ഉണ്ടായത്.