ചെറുപുഴയിൽ എട്ടു വയസുകാരിക്ക് ക്രൂരമർദനമേറ്റ സംഭവം; പിതാവ് അറസ്റ്റിൽ




കണ്ണൂർ: ചെറുപുഴയിൽ എട്ടു വയസുകാരിയെ അച്ഛൻ ക്രൂരമായി മർദിച്ച കേസിൽ പ്രതി ജോസിന്‍റെ അറസ്റ്റ് രേഖപ്പെടുത്തി. പ്രതിയെ വൈകിട്ടോടെ പയ്യന്നൂർ കോടതിയിൽ ഹാജരാക്കും. കേസിൽ കുട്ടികളുടെയും അവരുടെ അമ്മയുടെയും മൊഴി പൊലീസ് രേഖപ്പെടുത്തി. സംഭവത്തിനു പിന്നാലെ കൂട്ടികളെ ഏറ്റെടുക്കുമെന്ന് ശിശുക്ഷേമ സമിതി അറിയിച്ചു. സർക്കാർ ഇടപെടലിനു പിന്നാലെയാണ് കുട്ടികളെ ഏറ്റെടുക്കാൻ ശിശുക്ഷേമ സമിതി തീരുമാനിച്ചത്.

എട്ടും പത്തും വയസുള്ള കുട്ടികളെ കൗൺസിലിങ്ങിന് വിധേയരാക്കാനും തീരുമാനമുണ്ട്. നിലവിൽ കുട്ടികൾ കുടകിലെ അച്ഛന്‍റെ സഹോദരിക്കൊപ്പമാണ് ഉള്ളത്. ഇവരെ ചെറുപുഴയിലേക്ക് എത്തിച്ച ശേഷമാവും ശിശുക്ഷേമ സമിതി ഏറ്റെടുക്കുക. കൃത്യമായ അന്വേഷണത്തിന്‍റെയും പഠനത്തിന്‍റെയും അടിസ്ഥാനത്തിൽ മാത്രമേ കുട്ടികളെ അമ്മയ്ക്ക് വിട്ടുനൽകുന്ന കാര്യത്തിൽ തീരുമാനമുണ്ടാവൂ എന്നും ശിശുക്ഷേമ സമിതി അറിയിച്ചു.

കുട്ടിയെ ക്രൂരമായി മർദിക്കുന്ന ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്. മകളെ മുടിക്ക് പിടിക്കുകയും നിലത്തേക്ക് വലിച്ചിട്ട് അരിവാളിന് വെട്ടാനോങ്ങുന്നതാണ് ദൃശ്യങ്ങളിലുള്ളത്. തല്ലരുതെന്ന് കുഞ്ഞ് ആവര്‍ത്തിച്ച് ആവശ്യപ്പെടുന്നതും വീഡിയോയില്‍ കേള്‍ക്കാം. 12 വയസുകാരനായ മകന്‍ പകര്‍ത്തിയ ദൃശ്യങ്ങളാണ് പുറത്തുവന്നത്. സംഭവത്തിൽ പൊലീസ് വിശദമായ അന്വേഷണം നടത്തി വരികയാണ്.
Previous Post Next Post