ഒമ്പതാം തീയതിക്കകം നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ് വിജ്ഞാപനം ഉണ്ടാകുമെന്നാണ് കരുതുന്നത്. അതിനുമുന്‍പുതന്നെ പ്രസിഡന്റ് സ്ഥാനത്തും മാറ്റംവരണമെന്ന കണക്കുകൂട്ടലിലാണ് നേതൃത്വം.
വെള്ളിയാഴ്ച ചേര്‍ന്ന യുഡിഎഫ് യോഗം സുധാകരന്റെകൂടി സൗകര്യം കണക്കിലെടുത്താണ് നിശ്ചയിച്ചിരുന്നത്. എന്നാല്‍, വ്യാഴാഴ്ചയാണ് അടിയന്തരമായി ഡല്‍ഹിയില്‍ എത്തണമെന്ന നിര്‍ദേശം അദ്ദേഹത്തിന് ലഭിച്ചത്. പ്രസിഡന്റ് മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ വസതിയില്‍ നടന്ന യോഗത്തില്‍ രാഹുല്‍ ഗാന്ധിയും പങ്കെടുത്തു.
ആരോഗ്യകാരണങ്ങള്‍ സംഘടനാ പ്രവര്‍ത്തനത്തിന് തടസ്സമാകുന്നതിനാല്‍ മാറ്റം വേണമെന്ന താത്പര്യം നേതാക്കള്‍ സുധാകരനോട് വിശദീകരിച്ചു.
തന്റെ നേതൃത്വത്തില്‍ നടത്തിയ പ്രവര്‍ത്തനങ്ങളും തിരഞ്ഞെടുപ്പ് വിജയങ്ങളും ചൂണ്ടിക്കാണിച്ചതല്ലാതെ സ്ഥാനമൊഴിയുന്നതില്‍ വലിയ എതിര്‍പ്പൊന്നും സുധാകരന്‍ പ്രകടിപ്പിച്ചില്ലെന്നാണ് സൂചന. കേരളത്തിന്റെ സംഘടനാ ചുമതല വഹിക്കുന്ന ജനറല്‍ സെക്രട്ടറി ദീപാദാസ് മുന്‍ഷി ഹൈക്കമാന്‍ഡിന് നല്‍കിയ റിപ്പോര്‍ട്ടിലും മാറ്റം അനിവാര്യമാണെന്ന് ചൂണ്ടിക്കാണിച്ചിരുന്നു.
പ്രതിപക്ഷ നേതാവ് ഉള്‍പ്പെടെയുള്ള കേരളത്തിലെ നേതാക്കള്‍ക്കിടയില്‍ അഭിപ്രായ ഐക്യമുണ്ടായതോടെ പ്രസിഡന്റിനെ മാറ്റാനുള്ള തീരുമാനത്തിലേക്ക് ഹൈക്കമാന്‍ഡ് എത്തുകയായിരുന്നു.
പ്രസിഡന്റ് സ്ഥാനത്തേക്ക് പകരമുയരുന്ന പേരുകളില്‍ മുന്‍തൂക്കം ആന്റോ ആന്റണിക്ക്. ക്രിസ്ത്യന്‍ വിഭാഗത്തില്‍നിന്ന് പ്രസിഡന്റ് വേണമെന്ന അഭിപ്രായത്തിനായിരുന്നു നേതാക്കളുമായി നടത്തിയ ആശയവിനിമയത്തില്‍ മേല്‍ക്കൈ. സണ്ണി ജോസഫ്, റോജി എം. ജോണ്‍ എന്നിവരുടെ പേരുകളും പരിഗണിച്ചിരുന്നു.
എ.കെ. ആന്റണി സജീവ നേതൃത്വത്തില്‍നിന്ന് പിന്മാറുകയും ഉമ്മന്‍ ചാണ്ടി അന്തരിക്കുകയും ചെയ്തതിനുശേഷം ക്രിസ്ത്യന്‍ വിഭാഗത്തില്‍നിന്ന് മുന്‍നിര നേതാക്കളില്ലെന്നത് പോരായ്മയാണെന്നാണ് വിലയിരുത്തല്‍. ക്രൈസ്തവ വോട്ടുകള്‍ നേരിയതെങ്കിലും ബിജെപിയിലേക്ക് ചായുന്നെന്ന ചിന്തയുമുണ്ട്.
സുധാകരനെ മാറ്റുമ്പോള്‍ ഈഴവ വിഭാഗത്തില്‍നിന്നുണ്ടാകാവുന്ന എതിര്‍പ്പും കണക്കിലെടുത്തു. എന്നാല്‍, വി.എം സുധീരന്‍, മുല്ലപ്പള്ളി രാമചന്ദ്രന്‍, കെ. സുധാകരന്‍ എന്നിങ്ങനെ തുടര്‍ച്ചയായി ഈ വിഭാഗത്തില്‍നിന്ന് വന്നതിനാല്‍ മറ്റു വിഭാഗങ്ങളെ പരിഗണിക്കുന്നതില്‍ തെറ്റില്ലെന്ന് കണക്കാക്കി. ഈഴവ വിഭാഗത്തില്‍നിന്ന് പരിഗണിക്കപ്പെട്ട അടൂര്‍ പ്രകാശിന് സംഘടനാതലത്തില്‍ മറ്റു പ്രധാന ചുമതല നല്‍കിയേക്കും.