വയോധികയായ സ്ത്രീയെ തലയ്ക്കടിച്ച് പരിക്കേൽപ്പിച്ച് രണ്ടര പവനോളം തൂക്കം വരുന്ന സ്വർണ്ണ മാലയും, മൊബൈൽ ഫോണും, വീട്ടിലുണ്ടായിരുന്ന പണവും കവർച്ച ചെയ്ത സ്ത്രീകൾ ഉൾപ്പെടെയുള്ള സംഘത്തെ തൃക്കൊടിത്താനം പോലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ വെള്ളിയാഴ്ച 9-ം തീയതി വൈകുന്നേരം അഞ്ചുമണിയോടുകൂടി ചങ്ങനാശ്ശേരി കോട്ടമുറി ഒറ്റക്കാട് ഭാഗത്ത്, തെക്കേതിൽ വീട്ടിൽ ഒറ്റയ്ക്ക് താമസിക്കുന്ന 78 വയസ്സ് ഉള്ള കുഞ്ഞമ്മയുടെ വീട്ടിൽ അതിക്രമിച്ചു കയറി, ആളെ തിരിച്ചറിയാതിരിക്കാൻ കുഞ്ഞമ്മയുടെ തലയിൽ മുണ്ടിട്ട ശേഷം കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തി കഴുത്തിൽ കിടന്ന രണ്ടര പവനോളം തൂക്കം വരുന്ന സ്വർണ്ണമാലയും, വീട്ടിലുണ്ടായിരുന്ന മൊബൈൽ ഫോണും, പതിനായിരത്തോളം രൂപയും കവർച്ച ചെയ്തു കൊണ്ടുപോയ തൃക്കൊടിത്താനം, കോട്ടമുറി ഭാഗത്ത് ചിറയിൽ വീട്ടിൽ അനിൽകുമാർ മകൻ മോനു അനിലിനെയും, ഒറ്റക്കാട് ഭാഗത്ത് പുതുപ്പറമ്പിൽ വീട്ടിൽ അബീഷ് പി സാജനെയും, കോട്ടമുറി അടവിച്ചിറ ഭാഗത്ത് പുതുപ്പറമ്പിൽ വീട്ടിൽ ഗോപി മകൾ അനില ഗോപിയെയുമാണ് പോലീസ് അറസ്റ്റ് ചെയ്തത്. നൂറോളം സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചും, കുഞ്ഞമ്മയുമായി അടുപ്പമുളള ആളുകളെയും പരിചയക്കാരെയും കണ്ട് ചോദിച്ചും പരിശോധിച്ചും നടത്തിയ അന്വേഷണത്തിലാണ് മോനുവിനെ ആദ്യം അറസ്റ്റ് ചെയ്തത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ കുഞ്ഞമ്മയുടെ മകളുടെ ഭർത്താവായ അബീഷിന്റെ നിർദ്ദേശപ്രകാരമാണ് മോനുഅനിൽ കുഞ്ഞമ്മയുടെ വീട്ടിൽ കയറി കവർച്ച നടത്താൻ ഇടയായത് എന്ന് മനസ്സിലായി. അബീഷിനോട് സാമ്പത്തിക സഹായം ചോദിച്ചുചെന്ന മോനുവിനോട് അച്ഛമ്മയുടെ വീട്ടിൽ ധാരാളം പണം ഉണ്ടെന്നും, അച്ഛമ്മയുടെ കഴുത്തിൽ കിടക്കുന്ന സ്വർണ്ണമാല ആരും അറിയാതെ പറിച്ചു കൊണ്ടുവന്നാൽ ധാരാളം പണം കിട്ടും എന്നും പറഞ്ഞ് പ്രലോഭിപ്പിച്ചാണ് മോനുവിനെക്കൊണ്ട് ഇത് ചെയ്യിച്ചത്. ഞാനും കൂടി വന്നാൽ എന്നെ കണ്ട് തിരിച്ചറിഞ്ഞാൽ തള്ളയെ കൊന്നുകളയേണ്ടി വരുമെന്ന് പറഞ്ഞാണ് അബീഷ് ഈ ഉദ്യമത്തിൽ നിന്നും മാറി നിന്നത്. തുടർന്ന് മാലയുമായി പെരുന്ന ബസ്റ്റാൻഡിൽ എത്തി സ്ഥിരമായി സ്വർണ്ണം വാങ്ങി വില്പന നടത്തി പണം നൽകി വരുന്ന സെയ്ഫിന്റെ കയ്യിൽ കൊടുത്തു ഒന്നര ലക്ഷത്തോളം രൂപ വാങ്ങിയിരുന്നതും ആ പൈസയിൽ 100000 രൂപ തന്റെ കാമുകിയായ അനില ഗോപിയുടെ കയ്യിൽ ചെങ്ങന്നൂർ ഭാഗത്ത് വിളിച്ചുവരുത്തി സുരക്ഷിതമായി ഏൽപ്പിച്ചിട്ടുള്ളതുമാണ്. സംഭവമറിഞ്ഞ് തൃക്കൊടിത്താനം പോലീസ് ഇൻസ്പെക്ടർ എംജെ അരുണിന്റെ നേതൃത്വത്തിൽ SI മാരായ സിബി മോൻ, മനോജ്,ASI ആന്റണി, പോലീസ് ഉദ്യോഗസ്ഥരായ മണികണ്ഠൻ, ആന്റണി വിക്ടർ, ശ്രീകുമാർ, സജീവ്, ബിജു, ഡ്രൈവർ ജസ്റ്റിൻ, അനീഷ്, ജസ്റ്റിൻ, ഷീജ എന്നിവർ ചേർന്ന് സിസിടിവി ദൃശ്യങ്ങളും കുഞ്ഞമ്മയെ അടുപ്പമുള്ള ആളുകളെയും കണ്ട് നടത്തിയ ഊർജ്ജിതമായ അന്വേഷണത്തിലാണ് 24 മണിക്കൂറിനകം പ്രതികൾ പോലീസിന്റെ വലയിലായത്. പ്രതികളിൽനിന്ന് മാല വിറ്റ പണവും മൊബൈൽ ഫോണും പോലീസ് കണ്ടെത്തിയിട്ടുള്ളതാണ്. പോലീസ് അറസ്റ്റ് ചെയ്ത പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
ചങ്ങനാശേരിയിൽ വയോധികയെ തലക്കടിച്ചു വീഴ്ത്തി സ്വർണ്ണവും പണവും കവർന്ന കേസിൽ പ്രതികൾ പോലീസ് പിടിയിൽ
Jowan Madhumala
0