രാഹുലായിരുന്നു ശരി; കോവിഡ് മരണങ്ങളുടെ കണക്കുകള്‍ കേന്ദ്രം മൂടിവച്ചു എന്ന് പറഞ്ഞത് തെളിഞ്ഞു; ശരിവച്ച് സിആര്‍എസ്.


ഇന്ത്യയിലെ കോവിഡ് മരണങ്ങള്‍ ഔദ്യോഗിക കണക്കുകളെക്കാള്‍ പലമടങ്ങ് വലുതാണെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി മൂന്ന് കൊല്ലം മുമ്പ് പറഞ്ഞിരുന്നു. എന്നാല്‍ കേന്ദ്ര സര്‍ക്കാരും ബിജെപിയും അദ്ദേഹത്തെ പരിഹസിക്കുകയാണ് ചെയ്തത്. ഇന്നിതാ സിവില്‍ രജിസ്‌ട്രേഷന്‍ സിസ്റ്റം (സിആര്‍എസ്) പുറത്തുവിട്ട വൈറ്റല്‍ സ്റ്റാറ്റിസ്റ്റിക്സ് റിപ്പോര്‍ട്ട് പ്രകാരം സര്‍ക്കാരിന്റെ ഔദ്യോഗിക മരണസംഖ്യ കണക്കിനേക്കാള്‍ ആറ് ഇരട്ടി കൂടുതലാണ് എന്നാണ് സിആര്‍എസിന്റെ കണക്കുകള്‍. രാജ്യത്തെ ജനന, മരണനിരക്ക് സംബന്ധിച്ച എല്ലാ കണക്കുകളും രേഖപ്പെടുത്തുന്ന ഔദ്യോഗിക സംവിധാനമാണ് സിആര്‍എസ്.

കോവിഡ് ബാധിച്ചു മരിച്ചവരുടെ എണ്ണം രേഖപ്പെടുത്തിയതില്‍ ഇന്ത്യ കൃത്രിമം കാണിച്ചെന്ന ലോകാരോഗ്യ സംഘടനയുടെ ഉള്‍പ്പെടെ ആരോപണം നിലനില്‍ക്കുകയാണ്. അതിനിടെയാണ് 2020നെ അപേക്ഷിച്ച് 2021ല്‍ രാജ്യത്ത് 21 ലക്ഷം അധികമരണങ്ങളുണ്ടായെന്ന സിവില്‍ റജിസ്ട്രേഷന്‍ സിസ്റ്റത്തിന്റെ റിപ്പോര്‍ട്ട് പുറത്തു വന്നത്. ഇതോടെയാണ് രാഹുല്‍ ഗാന്ധി 2022 മെയ് ആറിന് ട്വിറ്ററിലൂടെ പുറത്തുവിട്ട കോവിഡ് മരണ കണക്ക് വീണ്ടും ചര്‍ച്ചയാവുന്നത്.

2021ലും 22ലുമായി രാജ്യത്ത് നാല് ലക്ഷം പേരാണ് കോവിഡ് ബാധിച്ചു മരിച്ചതെന്ന് മോദി സര്‍ക്കാര്‍ ഔദ്യോഗികമായി സ്ഥിരികരിച്ചത്. നാല് ലക്ഷമല്ല നാല്‍പത് ലക്ഷം പേര്‍ മരിച്ചു എന്നായിരുന്നു രാഹുല്‍ ഗാന്ധി വെളിപ്പെടുത്തിയത്. മോദി കളളം പറയുകയാണെന്നാണ് രാഹുല്‍ മൂന്ന് കൊല്ലം മുമ്പ് പറഞ്ഞത്. ലോകാരോഗ്യ സംഘടന (World Health Organisation) യുടെ കണക്കുകള്‍ ഉദ്ധരിച്ചായിരുന്നു രാഹുല്‍ ഗാന്ധിയുടെ ആരോപണം. കോവിഡ് മൂലം 47 ലക്ഷം ഇന്ത്യാക്കാരാണ് മരിച്ചത്, സര്‍ക്കാര്‍ അവകാശ വാദം വെറും 4.7 ലക്ഷം എന്നാണ്. അത് ശരിയല്ല. ശാസ്ത്രം കള്ളം പറയില്ല. പക്ഷേ, മോദി കള്ളം പറയും. പ്രീയപ്പെട്ടവരെ നഷ്ടപ്പെട്ട കുടുംബങ്ങളെ ബഹുമാനിക്കണം. അവരുടെ വേദന തിരിച്ചറിയണം. അവര്‍ക്ക് അര്‍ഹമായ സാമ്പത്തിക സഹായം നല്‍കണം. രാഹുല്‍ ഗാന്ധി ട്വിറ്ററില്‍ അന്ന് കുറിച്ചു.

ഈ കണക്കുകള്‍ സത്യമാണെന്നും പ്രധാന മോദി കള്ളം പറഞ്ഞുവെന്നുമാണ് സിആര്‍എസ് റിപ്പോര്‍ട്ട് ഇപ്പോള്‍ തെളിയിക്കുന്നത്. രാഹുല്‍ അടിസ്ഥാന രഹിതമായ ആരോപണങ്ങളാണ് ഉന്നയിക്കുന്നതെന്നായിരുന്നു ബിജെപിയുടേയും കേന്ദ്ര സര്‍ക്കാരിന്റേയും നിലപാട്. സിആര്‍എസ് കണക്ക് പുറത്തു വന്നതോടെ മിണ്ടാട്ടം മുട്ടി നില്‍ക്കയാണ് ബിജെപിയും കേന്ദ്ര സര്‍ക്കാരും.

സിആര്‍എസ് കണക്കുകള്‍ പ്രകാരം 2020ല്‍ രാജ്യത്ത് 81.15 ലക്ഷം മരണങ്ങളുണ്ടായി. കോവിഡ് രൂക്ഷമായ 2021ലാകട്ടെ 1.02 കോടിയിലധികം മരണങ്ങള്‍ രജിസ്റ്റര്‍ ചെയ്തു. 2020നെ അപേക്ഷിച്ച് 21 ലക്ഷം അധികം മരണം. 2021ല്‍ കോവിഡ് ബാധിച്ച് 3,32,468 പേര്‍ രാജ്യത്ത് മരിച്ചെന്നാണ് കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്തുവിട്ടിരുന്ന ഔദ്യോഗിക കണക്ക്.


ബാക്കിയുള്ള 17 ലക്ഷത്തിലധികം മരണങ്ങള്‍ സംബന്ധിച്ചാണ് സംശയം ഉയരുന്നത്. കോവിഡ് ബാധിച്ച് അല്ലെങ്കില്‍ പോലും മുന്‍ വര്‍ഷത്തെ അപേക്ഷിച്ചു മരണങ്ങളിലെ ഈ അന്തരം എങ്ങനെയുണ്ടായെന്നതാണ് വിവാദങ്ങള്‍ക്കു വഴിവച്ചിരിക്കുന്നത്. മരണങ്ങളിലെ വ്യത്യാസത്തില്‍ ഏറ്റവും മുന്നില്‍ ഗുജറാത്താണ്. 5,809 കോവിഡ് മരണങ്ങള്‍ 2021 ല്‍ ഉണ്ടായെന്നാണ് സംസ്ഥാനത്തിന്റെ കണക്ക്. എന്നാല്‍, -മുന്‍വര്‍ഷത്തെക്കാള്‍ 1,95,406 അധിക മരണങ്ങള്‍ 2022ല്‍ സംസ്ഥാനത്തുണ്ടായെന്നാണ് സിആര്‍എസ് റിപ്പോര്‍ട്ട്. തിളങ്ങുന്ന ഗുജറാത്തിലെ കോവിഡ് മരണ നിരക്ക് അമ്പരപ്പിക്കുന്നതാണ്.


വടക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ വലിയ തോതില്‍ കോവിഡ് മരണങ്ങള്‍ സംഭവിച്ചുവെന്നാണ് സിആര്‍എസ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. എന്തായാലും രാഹുലിനെ പരിഹസിച്ചവര്‍ ഇനി എന്തു മറുപടി പറയുമെന്നാണ് രാജ്യം കാത്തിരിക്കുന്നത്.

Previous Post Next Post