തലശേരിയിൽ യുവതിയെ കൂട്ട ബലാത്സംഗം ചെയ്ത മൂന്ന് പേർ അറസ്റ്റിൽ. മലയാളിയായ മുഴപ്പിലങ്ങാട് സ്വദേശി പ്രജിത്ത്, ബീഹാർ ദുർഗാപുർ സ്വദേശി ആസിഫ്, പ്രാണപൂർ സ്വദേശി സാഹബൂൽ എന്നിവരാണ് അറസ്റ്റിലായത്. ഇക്കഴിഞ്ഞ ഏപ്രിൽ 26 നായിരുന്നു കേസിനാസ്പദമായ സംഭവം.
തലശേരി റെയിൽവേ ട്രാക്കിന് സമീപത്തെ കുറ്റിക്കാട്ടിൽ വെച്ചാണ് കണ്ണൂർ സ്വദേശിനിയായ യുവതിയെ പ്രതികൾ മൂന്ന് പേരും കൂട്ടബലാത്സംഗത്തിന് ഇരയാകുന്നത്. പീഡനശേഷം യുവതി നടന്നുപോയി റെയിൽവെ ട്രാക്കിൽ ഇരിക്കുകയായിരുന്നു. പിന്നീട് സമീപത്തുണ്ടായിരുന്നവർ യുവതിയെ കോഴിക്കോട് മെഡിക്കൽ കോളജിൽ എത്തിക്കുകയായിരുന്നു. യുവതിയുടെ ആരോഗ്യനില ഭേദമായതിന് ശേഷമാണ് പൊലീസ് മൊഴിയെടുക്കാൻ എത്തിയത്. അതിന് ശേഷമായിരുന്നു പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. കേസിൽ ഇനിയും രണ്ട് പേർ കൂടി പിടിയിലാകാനുണ്ടെന്ന നിഗമനത്തിലാണ് പൊലീസ്.