
വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ചുവടുറപ്പിക്കാനൊരുങ്ങി ബിജെപി. മുതിർന്ന നേതാക്കളായ ശോഭാ സുരേന്ദ്രനെ കായംകുളത്തും കെ.സുരേന്ദ്രനെ കഴക്കൂട്ടത്തും മൽസരിപ്പിച്ചു നേട്ടം കൊയ്യാൻ ആണ് ബിജെപിയുടെ തീരുമാനം. ശോഭാ സുരേന്ദ്രനെ കായംകുളത്തും കെ.സുരേന്ദ്രനെ കഴക്കൂട്ടത്തും മൽസരിപ്പിച്ചു നേട്ടം കൊയ്യാൻ ബിജെപി ഒരുങ്ങുന്നുവെന്നാണ് വിവരം. രാജീവ് ചന്ദ്രശേഖറിന്റെ നേതൃത്വത്തില്‍ പുതിയ കളം പിടിക്കാനാണ് ബിജെപിയുടെ നീക്കം. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മേല്‍ക്കൈ നേടിയ നിയമസഭാ മണ്ഡലങ്ങളില്‍ പ്രചാരണപ്രവര്‍ത്തനങ്ങള്‍ ശക്തമാക്കാനാണ് നേതൃത്വം ലക്ഷ്യമിടുന്നത്.
11 മണ്ഡലങ്ങളില്‍ ഒന്നാമതും 9 മണ്ഡലങ്ങളില്‍ രണ്ടാമതും എത്താൻ പാർട്ടിക്കു കഴിഞ്ഞിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പിനു സ്ഥാനാര്‍ഥികളെ നേരത്തേ കണ്ടെത്തി മണ്ഡലങ്ങളില്‍ സജീവമാകാന്‍ നിര്‍ദേശം നല്‍കാനാണ് നേതൃത്വത്തിന്റെ തീരുമാനം. തിരുവനന്തപുരം, തൃശൂർ ജില്ലകളിലാണ് കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപി ഏറ്റവും ശക്തമായ പ്രകടനം കാഴ്ചവച്ചത്. തിരുവനന്തപുരത്ത് പാറശാലയില്‍ മാത്രമാണ് മൂന്നാം സ്ഥാനത്തായത്. തൃശൂര്‍, നാട്ടിക, ഇരിങ്ങാലക്കുട, പുതുക്കാട്, ഒല്ലൂര്‍, മണലൂര്‍, നേമം, കഴക്കൂട്ടം, വട്ടിയൂര്‍ക്കാവ്, ആറ്റിങ്ങൽ, കാട്ടാക്കട നിയമസഭാ മണ്ഡലങ്ങളിലാണ് ഒന്നാം സ്ഥാനത്ത് എത്തിയത്.
ഇതെല്ലാം എല്‍ഡിഎഫിന്റെ സീറ്റുകളാണ്. തിരുവനന്തപുരം, കോവളം, നെയ്യാറ്റിന്‍കര, വര്‍ക്കല, ഹരിപ്പാട്, കായംകുളം, പാലക്കാട്, മഞ്ചേശ്വരം, കാസര്‍കോട് എന്നിവിടങ്ങളില്‍ രണ്ടാമതെത്തി. മലമ്പുഴ, ഗുരുവായൂര്‍, അമ്പലപ്പുഴ, കരുനാഗപ്പള്ളി, റാന്നി, കോന്നി, ചാത്തന്നൂര്‍, ചിറയിന്‍കീഴ്, നെടുമങ്ങാട്, വാമനപുരം, പാറശാല എന്നിവിടങ്ങളില്‍ ചെറിയ വോട്ടു വ്യത്യാസത്തിനാണ് മൂന്നാമതായത്. ഷോൺ ജോർജിനെ പൂഞ്ഞാറിൽ നിന്നും മാറ്റി മറ്റൊരു തട്ടകത്തിലേക്ക് നീക്കാനും നിർദേശമുണ്ട്.