പോലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ചതിന് പൂച്ചയ്‌ക്കെതിരെ കേസ്; ഉടമയെത്തി ജാമ്യത്തിൽ ഇറക്കി


പോലീസ് ഉദ്യോഗസ്ഥർക്കെതിരെ ആക്രമണം നടത്തിയതിന് പൂച്ചയ്‌ക്കെതിരെ കേസ്. പൂച്ചയെ അറസ്റ്റ് ചെയ്തു ജാമ്യത്തിൽ വിട്ടിരിക്കുകയാണ് തായ്‌ലൻഡ് പോലീസ്. തായ്‌ലന്‍ഡിലെ ബാങ്കോക്കിലാണ് പൂച്ചയെ പൊലീസ് അറസ്റ്റ് ചെയ്ത സംഭവം നടന്നത്. സമൂഹ മാധ്യമങ്ങളില്‍ ഏറെ ശ്രദ്ധനേടിയ ഈ സംഭവം പൊലീസ് ഓഫീസറായ ഡാ പരിന്ദ പകീസുക് ആണ് സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവച്ചത്.

തെരുവില്‍ നിന്ന് കണ്ടെത്തിയ പൂച്ചയെ പൊലീസുകാര്‍ തന്നെയാണ് സ്‌റ്റേഷനിലേക്ക് കൊണ്ടുവന്നത്. കണ്ടെത്തുമ്പോള്‍ പൂച്ച പിങ്ക് നിറത്തിലുളള ഹാര്‍നെസ് ധരിച്ചിരുന്നു. സ്റ്റേഷനില്‍ എത്തിയ പൂച്ചയെ പൊലീസുകാര്‍ വളരെ നന്നായി പരിപാലിക്കുകയും അതിന് ഭക്ഷണം കൊടുക്കുകയും ഒക്കെ ചെയ്തു. പക്ഷേ നന്ദി പ്രകടിപ്പിക്കുന്നതിന് പകരം പൂച്ച പൊലീസ് ഉദ്യോഗസ്ഥരെ മാന്തുകയും കടിക്കുകയും ഒക്കെയാണ് ചെയ്തത്. അങ്ങനെ വിട്ടാല്‍ പറ്റില്ലല്ലോ എന്ന് കരുതി പൂച്ചയ്‌ക്കെതിരെ പൊലീസ് കേസെടുത്തു.

‘ ഈ പൂച്ച പൊലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ചതിന് കേസെടുത്തിട്ടുണ്ട്. കസ്റ്റഡിയില്‍ എടുക്കാന്‍ പോകുന്നു, ഉടമ എത്തിയാല്‍ ജാമ്യത്തില്‍ വിടാം’ എന്ന കുറിപ്പ് പൊലീസ് സമൂഹ മാധ്യമങ്ങളില്‍ പങ്കുവയ്ക്കുകയായിരുന്നു. പോസ്റ്റ് പങ്കുവച്ചതിന് പിന്നാലെ ധാരാളം ആളുകളാണ് പൂച്ചയെ ദത്തെടുക്കാന്‍ എത്തിയത്. എന്നാല്‍, യഥാര്‍ഥ ഉടമയെ കണ്ടെത്തുകയായിരുന്നു ലക്ഷ്യമെന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ ഡാരരിന്ദ പകീസുക് പറയുന്നു. തൊട്ടടുത്ത ദിവസം തന്നെ പൂച്ചയുടെ ഉടമ പോലീസ് സ്റ്റേഷനിലെത്തി പൂച്ചയെ ജാമ്യത്തിൽ ഇറക്കി.

Previous Post Next Post