
രാമങ്കരിയില്‍ ഭാര്യയെ ഭര്‍ത്താവ് കുത്തിക്കൊന്ന സംഭവത്തിന് പിന്നിലെ കാരണം സംശയമെന്ന് പൊലീസ്. കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയുന്ന ബന്ധുവിനെ കണ്ട് വീട്ടില്‍ മടങ്ങിയെത്തിയ വിദ്യയെ (മതിമോള്‍ 42) ഭര്‍ത്താവ് കുത്തിക്കൊല്ലുകയായിരുന്നു. സഹോദരിക്കും സഹോദരിയുടെ മകനുമൊപ്പമാണ് വിദ്യ ആശുപത്രിയില്‍ പോയിരുന്നത്. രാത്രി വൈകി വീട്ടിലെത്തിയ വിദ്യയെ ഭര്‍ത്താവ് കുത്തിക്കൊന്നതിന് പിന്നിലെ കാരണം ഭര്‍ത്താവിന്‍റെ സംശയമാണെന്നാണ് രാമങ്കരി പൊലീസ് നല്‍കുന്ന പ്രാഥമിക വിവരം. എ സി റോഡില്‍ രാമങ്കരി ജംഗ്ഷനില്‍ കഴിഞ്ഞ ഏതാനും മാസമായി ടീ ഷോപ്പ് നടത്തിവരികയാണ് ഇരുവരും.
പതിവുപോലെ കഴിഞ്ഞ ദിവസവും ചായക്കട തുറന്നിരുന്നു. പിന്നീട് ഉച്ചയോടെ കടയടച്ചു. തുടര്‍ന്ന് ഇവരുടെ വകയായി രാമങ്കരി ഏഴാം നമ്പര്‍ എസ്എന്‍ഡിപി ശാഖാ യോഗത്തില്‍ നടന്ന ചതയ ദിന പ്രത്യേക പ്രാര്‍ത്ഥന ചടങ്ങിലും പങ്കെടുത്ത ശേഷം ഇരുവരും വീട്ടിലേക്ക് മടങ്ങി. പിന്നീട് വൈകിട്ട് അഞ്ച് മണിക്ക് വിദ്യ മൂത്ത സഹോദരിക്കും അവരുടെ മകനുമൊത്ത് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ബന്ധുവിനെ കാണുവാനായി പോയി. തിരികെ വരുന്നത് വൈകിയപ്പോള്‍ വിനോദ് വിദ്യയെ ഫോണ്‍ വിളിക്കുകയും ഇരുവരും തമ്മില്‍ വിവരങ്ങള്‍ പങ്കുവെക്കുകയും ഉണ്ടായി. രാത്രി പത്തരയോടെ ഒരു ഓട്ടോയില്‍ വീടിന് തൊട്ടടുത്ത് വന്ന് ഇറങ്ങിയ വിദ്യയുമായി വിനോദ് തര്‍ക്കമുണ്ടായി. തര്‍ക്കത്തെ തുടര്‍ന്ന് കയ്യില്‍ കരുതിയ കത്തിയെടുത്ത് കഴുത്തിലും പുറത്തും തലയ്ക്കും മറ്റുമായി മാറി മാറി കുത്തുകയും വിദ്യ തല്‍ക്ഷണം മരിക്കുകയും ആയിരുന്നു. വിദ്യയുടെ മരണം ഉറപ്പാക്കിയ വിനോദ് പിന്നീട് ബന്ധുക്കളെ വിളിച്ച് വിവരം അറിയിക്കുകയും വിവരമറിഞ്ഞ രാമങ്കരി പൊലീസ് സ്ഥലത്തെത്തി അപ്പോള്‍ തന്നെ വിനോദിനെ കസ്റ്റഡിയില്‍ എടുക്കുകയും ചെയ്തു. പിന്നീട് ബന്ധുക്കളും നാട്ടുകാരും രാമങ്കരി പൊലീസും ചേര്‍ന്ന് മൃതദേഹം വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ച് പോസ്റ്റുമോര്‍ട്ടം ഉള്‍പ്പെടെയുള്ള നടപടികള്‍ പൂര്‍ത്തിയാക്കുകയും വിദ്യയുടെ മണലാടിയിലെ വീട്ടിലെത്തിച്ച് ഇന്നലെ വൈകിട്ടോടെ സംസ്‌കാരം നടത്തുകയുമായിരുന്നു.