അമ്മ പുഴയിലെറിഞ്ഞു കൊന്ന കേസ്: മൂന്നരവയസുകാരിയെ പീഡിപ്പിച്ച പ്രതി റിമാഡിൽ






കൊച്ചി: ആലുവയിൽ അമ്മ പുഴയിലെറിഞ്ഞ് കൊന്ന മൂന്നര വയസുകാരിയെ പീഡിപ്പിച്ച പ്രതിയെ കോടതി റിമാൻഡ് ചെയ്തു. പ്രതിയെ മൂവാറ്റുപുഴ സബ് ജയിലിലേക്ക് മാറ്റി. കുട്ടിയുടെ അച്ഛന്‍റെ അടുത്ത ബന്ധുവിനെ പോക്സോ കുറ്റം ചുമത്തിയാണ് പുത്തൻകുരിശ് പൊലീസ് അറസ്റ്റ് ചെയ്തത്.

കുഞ്ഞിനെ ഒന്നര വർഷമായി നിരന്തരം പീഡിപ്പിച്ചുവെന്ന് അച്ഛന്‍റെ സഹോദരൻ സമ്മതിച്ചുവെന്ന് പൊലീസ് അറിയിച്ചിരുന്നു. പ്രതി ലൈംഗിക വൈകൃതങ്ങൾക്ക് അടിമയായിരുന്നു. കുട്ടിയുടെ അമ്മയും അച്ഛനുമായി നിരന്തരം പ്രശ്നങ്ങളായതിനാൽ കുട്ടി പ്രതിയോടാണ് ഏറ്റവും അടുപ്പം കാണിച്ചിരുന്നത്. ഇതാണ് പ്രതി മുതലെടുത്തത്. കുട്ടിയുടെ വീട്ടിൽ വച്ചാണ് പീഡിപ്പിച്ചിരുന്നതെന്ന് പ്രതി വെളിപ്പെടുത്തിയിട്ടുണ്ട്. പ്രതിയുടെ ഫോണിൽ നിന്ന് അശ്ലീല വീഡിയോകളുടെ ശേഖരം കണ്ടെത്തിയെന്നും പൊലീസ് പറയുന്നു.

ചോദ്യം ചെയ്യലിൽ ആദ്യം ഇയാൾ കുറ്റം സമ്മതിച്ചിരുന്നില്ല. പിന്നീട് തെളിവുകൾ നിരത്തിയതോടെ അബദ്ധം പറ്റിയെന്ന് സമ്മതിക്കുകയായിരുന്നു. ക്രൂരമായ ലൈംഗിക പീഡനത്തിനാണ് കുഞ്ഞ് ഇരയായതെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടിലുള്ളത്. കുട്ടി മരിക്കുന്നതിന് തൊട്ടു മുൻപുള്ള ദിവസം വരെ പീഡിപ്പിക്കപ്പെട്ടതായി പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്.

കുട്ടിയുടെ വീടിനടുത്തു തന്നെയാണ് പ്രതിയും താമസിച്ചിരുന്നത്. കുട്ടിയുടെ അമ്മയ്ക്ക് ഇക്കാര്യത്തെക്കുറിച്ച് അറിയാമോ എന്നതിൽ വ്യക്തതയില്ല. കുട്ടിയുടെ അമ്മയെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്യും. ചെങ്ങമനാട് സ്റ്റേഷൻ ഹൗസ് ഓഫിസർ സോണി മത്തായിക്കാണ് കേസന്വോഷണത്തിന്‍റെ ചുമതല.അമ്മ പുഴയിലെറിഞ്ഞതിനെത്തുടർന്ന് ആന്തരികാവയവങ്ങളിൽ വെള്ളം കയറിയതാണ് കുട്ടിയുടെ മരണകാരണമെങ്കിലും കുട്ടിയുടെ ദേഹത്ത് കണ്ട പാടുകളും മുറിവുകളുമാണ് സംശയത്തിനിടയാക്കിയത്.
Previous Post Next Post