കെൽപാമിലെ അഴിമതി റിപ്പോർട്ട് ചെയ്ത എംഡിയെ സ്ഥലം മാറ്റി..നടപടി കോടിയേരി ബാലകൃഷ്ണന്‍റെ ഭാര്യാ സഹോദരന് നേരെ…




പൊതുമേഖലാ സ്ഥാപനമായ കെല്‍പാമിലെ അഴിമതി റിപ്പോര്‍ട്ട് ചെയ്ത എംഡിയെ മാറ്റിയതില്‍ രാഷ്ട്രീയ വിവാദം. കോടിയേരി ബാലകൃഷ്ണന്‍റെ ഭാര്യാ സഹോദരന്‍ കൂടിയായ എസ്. ആര്‍ വിനയകുമാറിനെയാണ് സര്‍ക്കാര്‍ തല്‍സ്ഥാനത്തുനിന്ന് നീക്കിയത്. ആരോപണവിധേയനായ ചെയര്‍മാന്‍ എസ്.സുരേഷ്കുമാറിനെയും മാറ്റിയിരുന്നു

പന ഉല്‍പ്പന്നങ്ങളുടെ വിപണി ലക്ഷ്യം വച്ച് പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തില്‍ നടക്കുന്നത് കോടികളുടെ അഴിമതിയെന്നാണ് മാനേജിങ് ഡയറക്ടറുടെ റിപ്പോര്‍ട്ട്. റിപ്പോര്‍ട്ടില്‍ പ്രതിസ്ഥാനത്ത് ചെര്‍മാന്‍ എസ്.സുരേഷ് കുമാര്‍ ആണ്. ചെയര്‍മാനും അക്കൗണ്ട്സ് ഓഫിസറും ക്രമവിരുദ്ധമായി ഇടപെട്ടത് മൂലം കോടികളുടെ നഷ്ടം ഉണ്ടായി എന്നാണ് വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നത്. കെല്‍പാമില്‍ ചെയര്‍മാന്‍ അനധികൃത നിയമനം നടത്തിയെന്നും റിപ്പോര്‍ട്ട് അടിവരയിടുന്നു. റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ സുരേഷ് കുമാറിനെ ചെയര്‍മാന്‍ സ്ഥാനത്തുനിന്ന് മാറ്റിയതിനൊപ്പമാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ച എംഡിയെയും മാറ്റിയത്

ഗുരുതരമായ അഴിമതി ആരോപണങ്ങളടങ്ങിയ റിപ്പോര്‍ട്ട് മാധ്യമങ്ങള്‍ക്ക് ചോര്‍ന്നതിന്‍റെ പശ്ചാത്തലത്തിലാണ് നടപടി എന്നാണ് വാദം. കഴിഞ്ഞമാസം 29ന് വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിക്കും ബോര്‍ഡ് ഓഫ് പബ്ലിക് സെക്ടര്‍ ട്രാന്‍സ്ഫോമേഷനും റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ടെന്നും മാധ്യമങ്ങള്‍ക്ക് ചോര്‍ന്നതില്‍ തന്നെ മാത്രം കുറ്റക്കാരനാക്കിയെന്നുമാണ് എംഡി വിനയകുമാര്‍ പറയുന്നത്. നേരത്തെ തന്നെ കോടിയേരിയുടെ ഭാര്യാസഹോദരനായ വിനയകുമാറിനെ പാര്‍ട്ടിയില്‍ ഒരു വിഭാഗം ലക്ഷ്യംവച്ചിരുന്നെന്നും അതിന്‍റെ ഭാഗമായാണ് നടപടിയെന്നുമാണ് സിപിഎമ്മിനുള്ളിലെ അടക്കംപറച്ചില്‍
Previous Post Next Post