കോണ്‍ഗ്രസ് -സിപിഐ സഖ്യം കാലത്തിന്റെ ആവശ്യം… ഭരണ തുടര്‍ച്ചയ്ക്ക് സിപിഎം തീക്കളിയിലെന്ന് ഗാന്ധിയന്‍ കെ മാധവന്റെ മകന്‍


സിപിഎം കേരള ഘടകത്തിന്റെ ഇടുങ്ങിയ നയ സമീപനങ്ങള്‍ക്ക് കീഴ്‌പെടാതെ സിപിഐ ഇനിയെങ്കിലും രാജ്യത്തിന്റെ വിശാല താല്‍പര്യത്തോട് താദാത്മ്യം പ്രാപിക്കണമെന്ന് സിപിഐ അനുഭാവിയും മുന്‍ പിഎസ്‌സി അംഗവുമായ ഡോ. അജയകുമാര്‍ കോടോത്ത്. അതിനായി നയസമീപനങ്ങളില്‍ മാറ്റം വരുത്തണമെന്നും അജയകുമാര്‍ ആവശ്യപ്പെട്ടു. സ്വാതന്ത്ര്യസമര സേനാനിയും കമ്യൂണിസ്റ്റ് സ്ഥാപക നേതാക്കളിലൊരാളായ കെ മാധവന്റെ മകനാണ് ഇദ്ദേഹം.

മൂന്നാം തവണയും ഭരണം കിട്ടാന്‍ സിപിഎം കേരള രാഷ്ടീയത്തില്‍ തീക്കളി കളിക്കാന്‍ ഒരുങ്ങുകയാണ്. കിട്ടുന്ന അവസരം മുതലാക്കി കോണ്‍ഗ്രസിനെ തകര്‍ക്കാന്‍ സംഘപരിവാര്‍ സ്വാഭാവികമായും കളത്തിലിറങ്ങും. ഇതിനെ ചെറുക്കാന്‍ സിപിഐ ശരിയായ നിലപാടിലേക്ക് വരണം. പാര്‍ട്ടി രൂപീകരിച്ച് നൂറ് വര്‍ഷം തികയുന്ന അവസരത്തിലെ പാര്‍ട്ടി കോണ്‍ഗ്രസില്‍ പുതിയ നയങ്ങള്‍ സ്വീകരിക്കണമെന്നാണ് അജയകുമാര്‍ ആവശ്യപ്പെടുന്നത്.


പുതിയ ലക്കം മാധ്യമം വാരികയില്‍ അജയകുമാര്‍ എഴുതിയ ‘സിപിഐ അപ്രസക്തമാകാതിരിക്കാന്‍ എന്ത് ചെയ്യണം’ എന്ന ലേഖനത്തിലാണ് കാലങ്ങളായി സിപിഎം കൊണ്ടു നടക്കുന്ന കോണ്‍ഗ്രസ് വിരുദ്ധതയ്ക്ക് ഇനി പ്രസക്തി ഇല്ലെന്ന് സമര്‍ത്ഥിക്കുന്നത്. ഫാസിസം പിടിമുറുക്കിയ ഇന്നത്തെ സാഹചര്യത്തില്‍ കോണ്‍ഗ്രസ് വിരുദ്ധ രാഷ്ട്രീയം കൊണ്ടുനടക്കുന്ന സിപിഎമ്മിന്റെ നിലപാടുകളെ എതിര്‍ക്കാന്‍ സിപിഐ തയ്യാറാകണം. വിശാല ഇടത് ഐക്യത്തിന് രൂപം കൊടുക്കാന്‍ തയ്യാറാകണം. കോണ്‍ഗ്രസ് വിരുദ്ധതയില്‍ ഊന്നി തനി സ്റ്റാലിനിസ്റ്റ് പാര്‍ട്ടിയായി തുടരുന്ന സിപിഎമ്മിന് ഇന്ത്യന്‍ രാഷ്ടീയത്തില്‍ പ്രത്യേകിച്ച് പ്രസക്തി ഒന്നുമില്ലെന്നും അവര്‍ ബംഗാള്‍ മോഡല്‍ തകര്‍ച്ചയിലാണെന്നും ലേഖനത്തില്‍ എടുത്തു പറയുന്നുണ്ട്

ഇന്ന് സംഘപരിവാര്‍ മുന്‍ പ്രധാനമന്ത്രിയെ അനാദരിക്കുന്നതു പോലെ 1964ലെ എസ്എഫ്‌ഐക്കാര്‍ നെഹ്‌റുവിന്റെ നിര്യാണത്തെ തുടര്‍ന്ന് തലശ്ശേരി ടൗണ്‍ ഹാളില്‍ അനുശോചനം നടത്താന്‍ അനുവദിക്കാതിരുന്നവരാണ്. ഇന്ന് കേരളത്തിലെ സിപിഎമ്മിനെ നയിക്കുന്നവര്‍ നെഹ്‌റുവിനെ അനാദരിച്ച തലമുറയില്‍പ്പെട്ടവരാണ്. അവര്‍ക്ക് നെഹ്‌റുവിനെ അനാദരിച്ചതില്‍ കുറ്റബോധം തോന്നാത്തവരാണ്.

ഇന്ത്യന്‍ സാഹചര്യത്തില്‍ കോണ്‍ഗ്രസ് – കമ്മ്യൂണിസ്റ്റ് സഖ്യം അനിവാര്യമാണ്. ബ്രിട്ടീഷ് വിരുദ്ധ സമരകാലത്ത് ഗാന്ധിയന്‍ പ്രസ്ഥാനത്തോടും സ്വാതന്ത്ര്യ ലബ്ധിയെ തുടര്‍ന്ന് നെഹ്‌റു സര്‍ക്കാരിനോടും സിപിഐ കൈക്കൊണ്ട നയസമീപനങ്ങളിലെ പാളിച്ചകള്‍ സംഘപരിവാറിനോട് പോരാടുമ്പോള്‍ ഇടതുപക്ഷം ആവര്‍ത്തിക്കരുത് എന്നാണ് പുതിയ കാലഘട്ടം സിപിഐയോട് ആവശ്യപ്പെടുന്നതെന്ന് അജയകുമാര്‍ കോടോത്ത് എഴുതിയിട്ടുണ്ട്.

Previous Post Next Post