വഴിയരികിൽ മൂത്രമൊഴിച്ചതിനെ ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് ഓട്ടോറിക്ഷ തൊഴിലാളിയെ വെട്ടിപ്പരിക്കേൽപ്പിച്ച പ്രതി പിടിയിൽ. പാലക്കട് നഗരത്തിലെ വഴിയോരകച്ചവടക്കാരനായ വടക്കന്തറ സ്വദേശി കൃഷ്ണൻകുട്ടിയെ ആണ് പൊലീസ് അറസ്റ്റ് ചെയ്തത്. പാലക്കാട് സ്റ്റേഡിയം ബസ് സ്റ്റാൻഡ് പരിസരത്ത് വെച്ചാണ് സംഭവം. ഓട്ടോറിക്ഷ ഡ്രൈവറായ മാട്ടുമന്ത സ്വദേശി രാധാകൃഷ്ണനാണ് (60)വെട്ടേറ്റത്
കൃഷ്ണൻകുട്ടിയുടെ കടയ്ക്ക് സമീപം ഓട്ടോ തൊഴിലാളി മൂത്രമൊഴിക്കാൻ എത്തിയെന്ന് ആരോപിച്ചായിരുന്നു അക്രമം. വഴിയരികിൽ മൂത്രമൊഴിക്കുന്നത് ചോദ്യം ചെയ്തതോടെ രാധാകൃഷ്ണനും കൃഷ്ണൻ കുട്ടിയും തമ്മിൽ വാക്കേറ്റമുണ്ടായി. പിന്നാലെ പ്രകോപിതനായ കൃഷ്ണൻ കുട്ടി ഓട്ടോ ഡ്രൈവറെ വെട്ടിപ്പരിക്കേൽപ്പിക്കുകയായിരുന്നു. ആക്രമണത്തിൽ പരിക്കേറ്റ രാധാകൃഷ്ണന് ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്. പിടിയിലായ കൃഷ്ണൻകുട്ടിയെ പൊലീസ് ചോദ്യം ചെയ്തുവരികയാണ്.