
പാകിസ്താനുമായുള്ള പോസ്റ്റൽ സർവീസുകൾ അവസാനിപ്പിച്ച് ഇന്ത്യ. എല്ലാവിധ പോസ്റ്റല്‍, പാഴ്സൽ സര്‍വീസുകളും മരവിപ്പിച്ചു. വ്യോമമാര്‍ഗമോ കരമാര്‍ഗമോ ഇനി പോസ്റ്റല്‍, പാഴ്സൽ സര്‍വീസ് ഉണ്ടാവില്ല.
വാർത്താവിനിമയ മന്ത്രാലയമാണ് ഇതുമായി ബന്ധപ്പെട്ട ഉത്തരവിറക്കിയത്. നേരത്തെ 2019ൽ പുൽവാമ ഭീകരാക്രമണം ഉണ്ടായിരുന്ന സമയത്തും സമാനമായ നിലപാട് ഇന്ത്യ സ്വീകരിച്ചിരുന്നു. ഇന്ന് രാവിലെ പാകിസ്താനിൽ നിന്നുള്ള എല്ലാ ഇറക്കുമതികളും ഇന്ത്യ നിരോധിച്ചിരുന്നു. പാകിസ്താനിൽ നിർമിച്ചതോ അവിടെ നിന്ന് കയറ്റുമതി ചെയ്യുന്നതോ ആയ എല്ലാ ഉത്പന്നങ്ങളുടെയും നേരിട്ടോ അല്ലാതെയോ ഉള്ള ഇറക്കുമതി ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നതുവരെ നിരോധിച്ചിരിക്കുന്നുവെന്നായിരുന്നു വാണിജ്യ മന്ത്രാലയം പുറത്തിറക്കിയ വിജ്ഞാപനത്തിൽ പറഞ്ഞിരുന്നത്.
പഹൽഗാം ഭീകരാക്രമണത്തെത്തുടർന്ന് വർദ്ധിച്ചുവരുന്ന സംഘർഷങ്ങൾക്കിടയിലാണ് പാകിസ്താനെതിരായ നടപടി. പാക് പതാക വെച്ച കപ്പലുകൾക്ക് കേന്ദ്ര തുറമുഖ ഷിപ്പിംഗ് മന്ത്രാലയം വിലക്കേർപ്പെടുത്തിയിരുന്നു. ഇന്ത്യ പതാക വെച്ച കപ്പലുകൾ പാക്ക് പോർട്ടുകളിലും പോകരുതെന്നും ഉത്തരവിൽ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് പാകിസ്താനുമായുള്ള പോസ്റ്റൽ സർവീസുകൾ ഇന്ത്യ അവസാനിപ്പിച്ചത്.