നാലു വയസുകാരിയെ പുഴയിൽ എറിഞ്ഞ് കൊലപ്പെടുത്തിയ കേസിൽ പ്രതിയായ അമ്മയുമായി തെളിവെടുപ്പ് ആരംഭിച്ചു. കുഞ്ഞിനെ ചാലക്കുടി പുഴയിലേക്കെറിഞ്ഞ മൂഴിക്കുളം പാലത്തിലെത്തിച്ചാണ് തെളിവെടുപ്പ് നടത്തിയത്. തെളിവെടുപ്പിനായി പ്രതിയെ എത്തിച്ചപ്പോൾ വലിയ പ്രതിഷേധമാണ് നാട്ടുകാരിൽ നിന്ന് ഉണ്ടായത്. പോക്സോ കേസ് അടക്കം ഉൾപ്പെട്ടിട്ടുള്ളതിനാൽ പ്രതിയുടെ മുഖം മറച്ചാണ് പൊലീസ് കൊണ്ടുവന്നത്. ഇത് കണക്കിലെടുക്കാതെ നാട്ടുകാർ അവരുടെ മുഖം കാണിക്കണമെന്നടക്കം ആവശ്യപ്പെട്ട് രോഷാകുലരായി. നാട്ടുകാരുടെ പ്രതിഷേധമടക്കം കണക്കിലെടുത്ത് ചുരുങ്ങിയ സമയത്തിനുള്ളിൽ തെളിവെടുപ്പ് പൂർത്തിയാക്കി തിരിച്ചുപോവുകയായിരുന്നു. ചെങ്ങമനാട് പൊലീസ് സ്റ്റേഷനിൽ നിന്നാണ് പ്രതിയെ തെളിവെടുപ്പിനായി കൊണ്ടുവന്നത്.
പാലത്തിൻറെ ഏതുഭാഗത്തുനിന്നാണ് കുഞ്ഞിനെ എറിഞ്ഞതെന്നടക്കമുള്ള കാര്യങ്ങൾ പ്രതി കാണിച്ചുകൊടുത്തു. യാതൊരു ഭാവഭേദവുമില്ലാതെയാണ് അവർ വന്നതെന്നാണ് നാട്ടുകാർ പറയുന്നത്. പാലത്തിൻറെ മധ്യഭാഗത്ത് വെച്ചാണ് കുട്ടിയെ താഴെ പുഴയിലേക്ക് ഇട്ടതെന്നാണ് സ്ത്രീയുടെ മൊഴി. ചെങ്ങമനാട് പൊലീസാണ് അമ്മയെ അഞ്ചു ദിവസത്തെ കസ്റ്റഡിയിൽ വാങ്ങിയത്. നാലുവയസുളള കുഞ്ഞിനെ അമ്മ എന്തിനാണ് കൊലപ്പെടുത്തിയത്, പെട്ടെന്നുളള പ്രേരണയെന്ത്, കുട്ടി ബലാൽസംഗത്തിനിരയായത് അമ്മ അറിഞ്ഞിരുന്നോ തുടങ്ങിയ കാര്യങ്ങളിലാണ് വ്യക്തത തേടുന്നത്. ബലാത്സംഗക്കേസിൽ അറസ്റ്റിലായ കുട്ടിയുടെ പിതൃ സഹോദരനെ കസ്റ്റഡിയിൽ വാങ്ങാൻ പൊലീസ് ഇന്ന് കോടതിയെ സമീപിക്കും.