ആവേശക്കൊടുമുടിയിലേക്ക്...; തൃശൂര്‍ പൂരം സാമ്പിള്‍ വെടിക്കെട്ട് ഇന്ന്




തൃശൂര്‍: തൃശൂര്‍ പൂരത്തിന്റെ സാമ്പിള്‍ വെടിക്കെട്ടിനായി നഗരം ഒരുങ്ങി. ഇന്ന് വൈകീട്ട് ഏഴിന് തുടങ്ങുന്ന സാമ്പിള്‍ വെടിക്കെട്ട് കാണാന്‍ ആയിരങ്ങള്‍ ഒഴുകിയെത്തും. അവധി ദിവസമായതിനാല്‍ ഇന്ന് ആകാശപൂരം കാണാന്‍ കൂടുതല്‍ പേരെത്തും. മുന്‍വര്‍ഷങ്ങളേക്കാള്‍ കൂടുതല്‍ പേര്‍ക്ക് സ്വരാജ് റൗണ്ടില്‍ നിന്ന് സാമ്പിള്‍ കാണാം.

വൈവിധ്യങ്ങളും സസ്‌പെന്‍സുകളും സമാസമം ചേരുന്നവയാണ് തൃശൂര്‍ പൂരത്തിന്റെ ഓരോ സാമ്പിള്‍ വെടിക്കെട്ടുകളും. ഇത്തവണയും അവയ്ക്ക് മാറ്റമുണ്ടാവില്ല. ഇത്തവണ തിരുവമ്പാടിയാണ് വെടിക്കെട്ടിന് തിരി കൊളുത്തുക. തിരുവമ്പാടിക്ക് വേണ്ടി മുണ്ടത്തിക്കോട് പി എം സതീഷും പാറമേക്കാവിനു വേണ്ടി ബിനോയ് ജേക്കബുമാണ് വെടിക്കെട്ട് സാമഗ്രികളുടെ നിര്‍മ്മാണത്തിന് നേതൃത്വം നല്‍കുന്നത്.

വെടിക്കെട്ട് തുടങ്ങും മുന്‍പേ റൗണ്ടിലെ മൂന്ന് പ്രകാശഗോപുരങ്ങളും കണ്‍തുറക്കും. നില അമിട്ടുകള്‍ മുതല്‍ ബഹുവര്‍ണ അമിട്ടുകള്‍, ഗുണ്ട്, കുഴി മിന്നി, ഓലപ്പടക്കങ്ങള്‍ എന്നിവയൊക്കെയായി പ്രധാന വെടിക്കെട്ടിന്റെ അതേ മാതൃകയിലാണ് ഇത്തവണത്തെ സാമ്പിള്‍ വെടിക്കെട്ടും നടക്കുക. തൃശ്ശൂര്‍ പൂരത്തോടനുബന്ധിച്ചുള്ള ചമയ പ്രദര്‍ശനങ്ങളും ഇന്ന് ആരംഭിക്കും. തിരുവമ്പാടി വിഭാഗത്തിന്റേത് കൗസ്തുഭം ഓഡിറ്റോറിയത്തിലും പാറമേക്കാവിന്റേത് ക്ഷേത്രം അഗ്രശാലയിലും ആണ് നടക്കുക.
Previous Post Next Post