തിരുവനന്തപുരം: പൊതുവിദ്യാഭ്യാസ വകുപ്പിന്‍റെ പരിശോധനയില്‍ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ലഭിക്കാത്ത ഒരു സ്‌കൂളുകളും യാതൊരു കാരണവശാലും തുറക്കാന്‍ അനുമതി നല്‍കരുതെന്ന് പൊതു വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി ഡയറക്റ്റര്‍ക്ക് നിര്‍ദേശം നല്‍കി.
വാടകക്കെട്ടിടത്തിലോ മറ്റു സ്ഥാപനങ്ങളിലോ ക്ലാസുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെങ്കില്‍ ആ കെട്ടിടങ്ങള്‍ കൂടി പരിശോധിച്ച് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് തദ്ദേശ സ്വയംഭരണ വകുപ്പ് എന്‍ജിനീയറിങ് വിഭാഗത്തില്‍ ലഭ്യമാക്കിയെന്ന് ഉറപ്പു വരുത്തിയ ശേഷമേ സ്‌കൂള്‍ തുറക്കാന്‍ അനുമതി നല്‍കാവൂ. നിര്‍മാണം നടക്കുന്ന സ്‌കൂളുകളില്‍ കുട്ടികള്‍ക്ക് പൂര്‍ണ സുരക്ഷിതത്വം ഉറപ്പാക്കി മറച്ച് കെട്ടിയിട്ടുണ്ടെങ്കില്‍ മാത്രമേ അനുമതി നല്‍കാവൂ എന്നും മന്ത്രി നിര്‍ദേശം നല്‍കി.
കുട്ടികളുടെ സഞ്ചാര തടസം ഉണ്ടാക്കുന്ന രീതിയില്‍ നിര്‍മാണ സാമഗ്രികള്‍ ഇടാന്‍ പാടില്ല. തൊഴിലാളികളുടെ സാന്നിധ്യം സ്‌കൂള്‍ പ്രവര്‍ത്തനത്തിന് തടസമാകരുത്. ജോലിക്കെത്തുന്ന കരാര്‍ ജീവനക്കാരുടെ പൂര്‍ണ വിവരം രജിസ്റ്ററില്‍ രേഖപ്പെടുത്തുകയും പൊലീസിന് കൈമാറുകയും വേണം. സ്‌കൂളിനടത്തുള്ള വെള്ളക്കെട്ടുകള്‍, കിണറുകള്‍, കുളങ്ങള്‍ എന്നിവയ്ക്ക് സംരക്ഷണ ഭിത്തി ഉറപ്പാക്കണം. അപകട സാധ്യതാ മുന്നറിയിപ്പ് ബോര്‍ഡുകള്‍ സ്ഥാപിച്ചിട്ടുണ്ടെന്ന് ഉറപ്പു വരുത്തണം.
സ്‌കൂള്‍ പരിസരത്ത് കുട്ടികളുമായി എത്തുന്ന വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നത് മൂലം ഗതാഗത തടസം ഉണ്ടാകാതിരിക്കാന്‍ സ്‌കൂള്‍ അധികൃതര്‍ തന്നെ പാര്‍ക്കിങ് സൗകര്യം ഉണ്ടാക്കിയിട്ടുണ്ടോ എന്ന് ഉറപ്പ് വരുത്തണം. റെയ്‌ൽവേ ക്രോസിന് സമീപമുള്ള സ്‌കൂളുകളില്‍ കുട്ടികള്‍ക്ക് അപകടരഹിതമായി ട്രാക്ക് മുറിച്ച് കടക്കാൻ സംവിധാനം ഒരുക്കണം. സ്‌കൂള്‍ തുറക്കുന്നതിന് ഒരാഴ്ച മുമ്പ് തന്നെ പിടിഎ, തദ്ദേശ സ്ഥാപനങ്ങള്‍, സന്നദ്ധ സംഘടനകള്‍ പൂര്‍വ വിദ്യാര്‍ഥി സംഘടനകള്‍ എന്നിവരുമായി ആശയ വിനിമയം നടത്തി സ്‌കൂളും പരിസരവും വൃത്തിയാക്കണം. ഇഴജന്തുക്കളുടെ സാന്നിധ്യമില്ലെന്ന് ഉറപ്പു വരുത്തണം. മുറികള്‍, ശൗചാലയം, കുട്ടികള്‍ പെരുമാറുന്ന മറ്റു സ്ഥലങ്ങള്‍ എന്നിവ പെയിന്‍റടിച്ച് ശുദ്ധിയാക്കണം.
കുടിവെള്ള ടാങ്ക്, കിണറുകള്‍, മറ്റു ജലസ്രോതസുകള്‍ എന്നിവ നിര്‍ബന്ധമായും ശുചിയാക്കി അണുവിമുക്തമാക്കണം. കുടിവെള്ള സാംപിള്‍ ലാബോറട്ടറിയിൽ പരിശോധിച്ച് അനുയോജ്യമാണെന്ന് റിപ്പോര്‍ട്ട് ലഭിച്ചാലേ കുട്ടികള്‍ക്ക് കൊടുക്കാവൂ. അടുക്കള, പാചകം ചെയ്യുന്ന പാത്രങ്ങള്‍ അണുവിമുക്തമാക്കണം. ഉച്ചഭക്ഷണം തയാറാക്കുന്നവര്‍ക്ക് ഹെല്‍ത്ത് കാര്‍ഡ് നിര്‍ബന്ധം. കാലാവധി കഴിഞ്ഞ ഭക്ഷണ വസ്തുക്കള്‍ ഉപയോഗിക്കുന്നില്ലെന്ന് പ്രധാനാധ്യാപകർ ഉറപ്പു വരുത്തണം.