മലപ്പുറം : വിഴിഞ്ഞം തുറമുഖത്തിന്റെ ക്രെഡിറ്റിനെ ചൊല്ലിയുള്ള തര്‍ക്കങ്ങള്‍ക്കിടെ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി നിയമസഭയില്‍ സംസാരിക്കുന്ന പഴയ വിഡിയോ പങ്കുവെച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. വിഴിഞ്ഞം തുറമുഖത്തിന് എല്ലാവിധ ആശംസകളും നേര്‍ന്ന് കൊണ്ട് വിഴിഞ്ഞം തുറമുഖ പദ്ധതി നടപ്പാക്കുമെന്ന ഉമ്മന്‍ ചാണ്ടിയുടെ പഴയ പ്രസംഗമാണ് വിഡി സതീശന്‍ ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ചത്.ഒരു കല്ലിട്ടാല്‍ തുറമുഖമാകുമോ എന്ന് ചോദിച്ച് മുഖ്യമന്ത്രി പിണറായി വിജയനാണ് വിഴിഞ്ഞം തുറമുഖത്തിന്റെ ക്രെഡിറ്റിനെ ചൊല്ലിയുള്ള തര്‍ക്കങ്ങള്‍ക്ക് തുടക്കമിട്ടത്. വിഴിഞ്ഞം തുറമുഖം യാഥാര്‍ഥ്യമാക്കിയതിന്റെ മുഴുവന്‍ ക്രെഡിറ്റും എല്‍ഡിഎഫ് സര്‍ക്കാരിനാണ് എന്നാണ് സിപിഎം നേതാക്കള്‍ പറയുന്നത്. എന്നാല്‍ ഉമ്മന്‍ ചാണ്ടിയുടെ കഠിനാധ്വാനത്തിന്റെ ഫലമാണ് വിഴിഞ്ഞം തുറമുഖം എന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നത്.
‘ഉമ്മന്‍ ചാണ്ടി ഇന്നില്ല. മായ്ച്ചാലും മായാത്ത ചരിത്രമായി ഉമ്മന്‍ ചാണ്ടി ജന ഹൃദയങ്ങളില്‍ ജീവിക്കുന്നു. ചരിത്രത്തെ ബോധപൂര്‍വം മറക്കുകയും തിരുത്തി എഴുതാന്‍ ശ്രമിക്കുകയും ചെയ്യുന്നവര്‍ ഉമ്മന്‍ ചാണ്ടിയുടെ ഓര്‍മ്മകളെ പോലും ഭയപ്പെടുന്നവരാണ്.വിഴിഞ്ഞം തുറമുഖത്തിന് എല്ലാ ആശംസകളും നേരുന്നു.’- എന്ന കുറിപ്പിനൊപ്പമാണ് വി ഡി സതീശന്‍ ഉമ്മന്‍ ചാണ്ടിയുടെ പഴയ നിയമസഭ പ്രസംഗത്തിന്റെ വിഡിയോ പങ്കുവെച്ചത്.