
മാവേലിക്കര : പാക് ഭീകരതയ്ക്ക് ശക്തമായ തിരിച്ചടി നൽകിയ ഓപ്പറേഷൻ സിന്ദൂറിന്റെ വിജയത്തിൽ ധീര സൈനികർക്കും പ്രധാനമന്ത്രിക്കും അഭിവാദ്യം അർപ്പിച്ച് വിവിധ സംഘടനകളുടെ ആഭിമുഖ്യത്തിൽ മാവേലിക്കരയിൽ സംഘടിപ്പിച്ച ത്രിവർണ്ണ സ്വാഭിമാന യാത്രയിലേക്ക് വാഹനം ഇടിച്ച് കയറ്റി അലങ്കോലപ്പെടുത്താൻ ശ്രമിച്ചതായി ആരോപണം. അപകടത്തിൽ ഒരാൾക്ക് പരിക്കേറ്റു. ഇന്ന് വൈകിട്ട് 6.45 ഓടെ മാവേലിക്കര മിച്ചൽ ജംഗ്ഷനിൽ സ്വാഭിമാന യാത്ര എത്തിച്ചേർന്നപ്പോഴാണ് സംഭവം.
അമിത വേഗത്തിൽ വലിയ ശബ്ദത്തോടുകൂടി ഓടിച്ചു വന്ന ഓൾട്ടർ ചെയ്ത ബൈക്ക് ആൾക്കൂട്ടത്തിലേക്ക് ഇടിച്ചുകയറ്റുകയായിരുന്നു. പരിപാടിയിൽ പങ്കെടുത്തുകൊണ്ടിരുന്ന മാതൃഭൂമി മുൻ ചീഫ് റിപ്പോർട്ടർ കൂടിയായ വേണുഗോപാലിന് പരിക്കേറ്റു. ഇടിയുടെ ആഘാതത്തിൽ തെറിച്ചുവീണ് മുഖത്തും പുറത്തുമാണ് പരിക്കേറ്റത്. ഉടൻതന്നെ മാവേലിക്കരയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വാഹനം നിർത്താതെ പുതിയകാവ് ഭാഗത്തേക്ക് പോവുകയും പിന്നീട് ഇടവഴികളിലൂടെ തിരികെ പരിപാടി സ്ഥലത്ത് വന്ന് വീണ്ടും പ്രകോപനം സൃഷ്ടിച്ച ശേഷം പ്രായിക്കര ഭാഗത്തേക്ക് രക്ഷപ്പെട്ടതായും പറയുന്നു. മാവേലിക്കര പോലീസ് അന്വേഷണം ആരംഭിച്ചു.