ഹൃദ്രോഗ ചികിത്സയ്ക്കെത്തിയ യുവാവ് കുഴഞ്ഞുവീണ് മരിച്ച സംഭവം; ആശുപത്രിക്കെതിരെ ആരോപണവുമായി ബന്ധുക്കൾ


        

ഹൃദ്രോഗ ചികിത്സയ്ക്കെത്തിയ യുവാവ് കുഴഞ്ഞുവീണ് മരിച്ച് സംഭവത്തിൽ ആശുപത്രിക്കെതിരെ ആരോപണവുമായി ബന്ധുക്കൾ. പാലക്കാട് ജില്ലാ ആശുപത്രിക്കെതിരെയാണ് പരാതി. നെഞ്ചുവേദനയെത്തുടർന്ന് ആശുപത്രിയിലെത്തിയ മലമ്പുഴ ആനക്കല്ല് സ്വദേശി സനിൽ നാരായണൻ(47) മരിച്ച സംഭവത്തിലാണ് ബന്ധുക്കൾ ആശുപത്രിക്ക് ചികിത്സാ പിഴവ് സംഭവിച്ചുവെന്ന് ആരോപിച്ച് രംഗത്തെത്തിയിരിക്കുന്നത്.

ജൂൺ 24 നാണ് സനിലിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടർന്ന് മൂന്നു ദിവസം ഐസിയുവിലായിരുന്നു ചികിത്സ. ഇന്നലെ ആൻജിയോഗ്രാമിന് നിർദേശം നൽകിയ ശേഷം ആശുപത്രിയിൽ നിന്നും വിട്ടയച്ചെന്ന് ബന്ധുക്കൾ പറയുന്നു. എന്നാൽ വീട്ടിലെത്തിയ ഉടൻ തന്നെ സനിൽ കുഴഞ്ഞു വീണു മരിക്കുകയായിരുന്നു. ഇതിന് പിന്നാലെയാണ് ചികിത്സാ പിഴവ് ആരോപിച്ച് ബന്ധുക്കൾ പോലീസിൽ പരാതി നൽകിയത്.

എന്നാൽ ആശുപത്രി അധികൃതർ നൽകുന്ന വിശദീകരണം പരിശോധനകളിൽ ഗുരുതര പ്രശ്നമില്ലെന്ന് കണ്ടെത്തിയതോടെയാണ് ആൻജിയോഗ്രാമിന് നിർദ്ദേശം നൽകി സനിലിനെ ആശുപത്രിയിൽ നിന്നും വിട്ടയച്ചത് എന്നാണ്. സംഭവത്തിൽ ആർഎംഒ പരിശോധന ആരംഭിച്ചിട്ടുണ്ടെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കി. പോലീസും കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Previous Post Next Post