മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് തെന്നല ബാലകൃഷ്ണപിള്ള അന്തരിച്ചു….



മുതിർന്ന കോൺഗ്രസ് നേതാവ് തെന്നല ബാലകൃഷ്ണപിള്ള അന്തരിച്ചു. 95 വയസ്സായിരുന്നു. വാർധക്യ സംബന്ധിയായ അസുഖങ്ങളെ തുടർന്ന് ചികിത്സയിൽ കഴിയവെയായിരുന്നു തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഭൗതികശരീരം തിരുവനന്തപുരം നെട്ടയം മുക്കോലയിലെ വസതിയിലേക്ക് കൊണ്ടുപോകും.മൂന്നു തവണ രാജ്യസഭാ എംപി, രണ്ടു തവണ നിയമസഭാംഗം, രണ്ടു തവണ കെപിസിസി പ്രസിഡന്റ് തുടങ്ങിയ പദവികള്‍ വഹിച്ച തെന്നല ബാലകൃഷ്ണപിള്ള കൊല്ലം ജില്ലയിലെ ശൂരനാട് സ്വദേശിയാണ്.

കോൺഗ്രസിൻ്റെ പുളിക്കുളം വാർഡ് കമ്മറ്റി പ്രസിഡൻറായാണ് അദ്ദേഹം തന്റെ രാഷ്ട്രീയ ജീവിതം ആരംഭിച്ചത് . പിന്നീട് കുന്നത്തൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടേയും ശൂരനാട് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടേയും പ്രസിഡൻറായും പ്രവർത്തിച്ചു. അതിന് ശേഷമാണ് കൊല്ലം ഡി.സി.സിയുടെ പ്രസിഡൻറായി തിരഞ്ഞെടുക്കപ്പെടുന്നത്. 1962 മുതൽ കെപിസിസി അംഗമായിരുന്നു. 1977-ലും 1982-ലും അടൂരിൽ നിന്ന് നിയമസഭാംഗമായി. 1967, 1980, 1987 വർഷങ്ങളിൽ നടന്ന നിയമസഭ തിരഞ്ഞെടുപ്പിൽ അടൂരിൽ നിന്ന് മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. സഹകരണ മേഖലയിലെ പ്രധാന നേതാവായി ഉയർന്നു വന്ന തെന്നല കൊല്ലം ജില്ലാ സഹകരണ ബാങ്ക് വൈസ് പ്രസിഡൻറായും സംസ്ഥാന സഹകരണ ബാങ്കിൻ്റെയും പ്രസിഡൻറായും പ്രവർത്തിച്ചു.

1998-ൽ സ്ഥാനമൊഴിഞ്ഞ വയലാർ രവിയ്ക്ക് പകരമായാണ് തെന്നല ആദ്യമായി കെ.പി.സി.സി പ്രസിഡൻറാകുന്നത്. 2001-ലെ നിയമസഭ തിരഞ്ഞെടുപ്പിൽ ഇദ്ദേഹത്തിൻ്റെ നേതൃത്വത്തിൽ യു.ഡി.എഫ് വൻ വിജയം നേടി. പിന്നീട് 2001-ൽ കെ.മുരളീധരന് വേണ്ടി ഇദ്ദേഹം അധ്യക്ഷ പദവി ഒഴിഞ്ഞു. 2004-ൽ കെ. മുരളീധരൻ എ.കെ. ആൻ്റണി മന്ത്രിസഭയിലെ കാബിനറ്റ് മന്ത്രിയായതിനെ തുടർന്ന് താത്കാലിക പ്രസിഡൻറായിരുന്ന പി.പി. തങ്കച്ചന് പകരക്കാരനായി വീണ്ടും കെ.പി.സി.സിയുടെ പ്രസിഡൻറായി തിരഞ്ഞെടുക്കപ്പെട്ട തെന്നല ബാലകൃഷ്ണപിള്ള രമേശ് ചെന്നിത്തലയെ ഹൈക്കമാൻഡ് പുതിയ പ്രസിഡൻ്റായി നിയമിച്ച 2005 വരെ ആ സ്ഥാനത്ത് തുടർന്നു
Previous Post Next Post