നിയന്ത്രണം വിട്ട ട്രക്ക് ‌20 കാറുകളിലേക്ക് ഇടിച്ചുകയറി; ഒരു സ്ത്രീ മരിച്ചു, 18 പേർക്ക് പരിക്ക്




മുംബൈ: മുംബൈ-പുനെ എക്സ്പ്രസ്‌വേയിൽ നിയന്ത്രണം വിട്ട ട്രക്ക് 20 കാറുകളിലേക്ക് ഇടിച്ചു കയറിയുണ്ടായ അപകടത്തിൽ ഒരു സ്ത്രീ ‌മരിച്ചു. 18 പേർക്ക് പരുക്കേറ്റിട്ടുണ്ട്. ശനിയാഴ്ച വൈകിട്ടാണ് സംഭവം. ഖോപോ‌ളി പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള അഡോഷി ടണലിന് സമീപമാണ് അപകടമുണ്ടായത്. ട്രെയിലർ ട്രക്കിന്‍റെ ബ്രേക്ക് നഷ്ടപ്പെട്ടതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. ഹൈവേയിൽ തിരക്കേറിയ സമയത്തായിരുന്നു അപകടം. ട്രാഫിക്കിൽ നിരനിരയായി കാത്തു കിടന്നിരുന്ന 20 കാറുകളിലേക്കാണ് ട്രക്ക് ഇടിച്ചു കയറിയത്.

അപകടത്തെത്തുടർന്ന് എക്സ്പ്രസ്‌വേയിൽ ഗതാഗതക്കുരുക്ക് രൂക്ഷമായി. ‌5 കിലോമീറ്ററുകളോളമാണ് വാഹനങ്ങളുടെ തിരക്ക് നീണ്ടത്. അപകടത്തിൽ പരുക്കേറ്റവരെ അടുത്തുള്ള ആശുപത്രയിൽ പ്രവേശിപ്പിച്ചു. അപകടവുമായി ബന്ധപ്പെട്ട് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.


ട്രക്ക് ഡ്രൈവറെ പൊലീസ് കസ്റ്റഡിയിലെടുത്തു. വൈദ്യ പരിശോധന നടത്തിയെന്നും ഡ്രൈവർ മദ്യലഹരിയിൽ അല്ലായിരുന്നുവെന്നും പൊലീസ് വ്യക്തമാക്കി.
Previous Post Next Post