പാലക്കാട് ജില്ലയിലെ നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു; 38 കാരിയുടെ നില ​ഗുരുതരമായി തുടരുന്നു


പാലക്കാട് ജില്ലയിലെ നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു. തച്ചനാട്ടുകര പഞ്ചായത്തിലെ 7, 8, 9, 11 വാർഡുകളിലും കരിമ്പുഴ പഞ്ചായത്തിലെ 17, 18 വാർഡുകളിലും നിലവിലുണ്ടായിരുന്ന കണ്ടെയിൻമെന്റ് സോൺ നിയന്ത്രണങ്ങൾ പിൻവലിച്ചിരിക്കുന്നു. നിലവിൽ ക്വാറന്റൈനിൽ കഴിയുന്ന വ്യക്തികൾ ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ക്വാറന്റീനിൽ തുടരേണ്ടതാണ്. നിയന്ത്രണങ്ങൾ നീങ്ങിയെങ്കിലും ജാഗ്രത തുടരണമെന്നും ജില്ലാ കലക്ടർ ഫെയ്സ്ബുക്ക് കുറിപ്പിൽ നിർദേശിച്ചു. നിപ രോഗം സ്ഥിരീകരിച്ച 38 കാരിയുടെ ആരോഗ്യ നില ഗുരുതരമായി തുടരുകയാണ്.

ജില്ലയിൽ നിലവിൽ ഒരു രോഗിക്ക് മാത്രമാണ് നിപ രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. പാലക്കാട് ഗവൺമെൻറ് മെഡിക്കൽ കോളേജിൽ ഐസൊലേഷനിൽ കഴിയുന്ന അഞ്ചു പേരുടെ പുനർ സാംപിൾ പരിശോധന ഫലം നെഗറ്റീവ് ആയിട്ടുണ്ട്. നിലവിൽ ജില്ലയിൽ 178 പേരാണ് സമ്പർക്ക പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ളത്. നിപ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ആരോഗ്യ പ്രവർത്തകർ ആകെ 3020 ഗൃഹസന്ദർശനങ്ങൾ നടത്തിയിട്ടുണ്ട്. ജില്ലാ മാനസികാരോഗ്യ വിഭാഗം ഇതുവരെ 328 പേർക്ക് ടെലഫോണിലൂടെ കൗൺസലിംഗ് സേവനം നൽകിയിട്ടുണ്ട്.

കേന്ദ്രസംഘം നിപ രോഗബാധിതയുടെ റൂട്ട് മാപ്പിലുള്ള മണ്ണാർക്കാട് നഴ്സിങ്ങ് ഹോം , പാലോട് മെഡി സെന്റർ എന്നിവിടങ്ങളിൽ സന്ദർശിച്ച് വിവര ശേഖരണം നടത്തി. കരിമ്പുഴ, തച്ചനാട്ടുകര പഞ്ചായത്തുകളിലെ കണ്ടെയ്ന്മെന്റ് സോൺ പ്രദേശങ്ങളിൽ നിന്നും കഴിഞ്ഞ ദിവസങ്ങളിൽ രണ്ട് നായ്ക്കളുടെ ജഡം കണ്ടെത്തുകയും അവ വിദഗ്ധ പരിശോധനയ്ക്കായി മൃഗസംരക്ഷണ വകുപ്പിന്റെ നേതൃത്വത്തിൽ സാമ്പിളുകൾ എടുത്ത് പരിശോധനക്ക് അയക്കുകയും ചെയ്തിട്ടുണ്ട്. ജില്ലാ കലക്ടർ അറിയിച്ചു.

Previous Post Next Post