
കോഴിക്കോട് പന്തീരാങ്കാവിൽ ബാങ്ക് ജീവനക്കാരെ കബളിപ്പിച്ചു നാൽപതു ലക്ഷം രൂപ കവർന്ന സംഭവത്തിൽ 39ലക്ഷം രൂപയും കുഴിച്ചിട്ട നിലയിൽ കണ്ടെത്തി. മുഖ്യ പ്രതി ഷിബിൻലാലിൻറെ വീട്ടിൽ നിന്നും അര കിലോമീറ്റർ അകലെ ആളൊഴിഞ്ഞ പറമ്പിൽ നിന്നാണ് പണം കണ്ടെത്തിയത്. തട്ടിയെടുത്ത ബാഗിൽ ഒരു ലക്ഷം രൂപ മാത്രമെ ഉണ്ടായിരുന്നുളളൂ എന്നായിരുന്നു പ്രതിയുടെ വാദം. എന്നാൽ രഹസ്യ വിവരത്തെത്തുടർന്ന് വിശദമായി ചോദ്യം ചെയ്തപ്പോളാണ് പണം കുഴിച്ചിട്ട സ്ഥലം പ്രതി ഷിബിൻ ലാൽ പോലീസിന് കാണിച്ചു കൊടുത്തത്.
ബാങ്ക് ജീവനക്കാരുടെ കയ്യിൽ നിന്നും തട്ടിപ്പറിച്ച ബാഗിൽ ഒരു ലക്ഷം രൂപ പോലും തികച്ചുണ്ടായിരുന്നില്ല എന്ന മൊഴി ചോദ്യംചെയ്യലിലുടനീളം ഷിബിൻലാൽ ആവർത്തിച്ചു. ഇതോടെ ബാക്കി പണം എവിടെ എന്നറിയാതെ പോലീസ് കുഴങ്ങി. സംഭവത്തിൽ ബന്ധമുണ്ടെന്നു കണ്ട് ഷിബിൻലാലിന്റെ ഭാര്യ കൃഷ്ണലേഖയും ബന്ധു ദിനരഞ്ജനെയും പോലീസ് അറസ്റ്റ് ചെയ്തു. ഇവരിൽ നിന്നാണ് ഷിബിൻലാലിന് 1.5കോടി രൂപയോളം കടബാധ്യത ഉണ്ടെന്ന് പോലീസ് കണ്ടെത്തിയത്.
ഷിബിൻ ലാലിന് 80ലക്ഷം രൂപ കടമുള്ള ധനകാര്യ സ്ഥാപനത്തിൽ 30ലക്ഷം രൂപ നൽകാമെന്നു പറഞ്ഞു ഒരാൾ എത്തിയെന്ന വിവരം പോലീസ് ലഭിച്ചത് നിർണായകമായി. ഇതോടെ പണം ഷിബിൻ ലാൽ മറ്റെവിടെയോ ഒളിപ്പിച്ചെന്ന നിഗമനത്തിലായി അന്വേഷണ സംഘം. സിസിടിവി കേന്ദ്രീകരിച്ചു അന്വേഷണം ഊർജിതമായതോടെ കവർച്ച നടന്ന ദിവസം ഷിബിൻലാൽ പോയത് പണമടങ്ങിയ ബാഗില്ലാതെയണെന്ന് കണ്ടെത്തി. വീണ്ടും കസ്റ്റഡിയിൽ വാങ്ങി ഷിബിൻലാലിനെ ശാസ്ത്രീയ തെളിവുകളുടെ കൂടി അടിസ്ഥാനത്തിൽ ചോദ്യം ചെയ്തപ്പോളാണ് പണം കുഴിചിട്ടെന്ന വിവരം പോലീസിന് കിട്ടിയത്. ഷിബിൻലാലുമായി നടത്തിയ പരിശോധനയിൽ ആളൊഴിഞ്ഞ പറമ്പിൽ നിന്നും പണം കുഴിച്ചിട്ട നിലയിൽ കണ്ടെത്തി.