കോട്ടയം മെഡിക്കൽ കോളേജിൽ കെട്ടിടം തകർന്നു വീണ് മരിച്ച ബിന്ദുവിന്റെ കുടുംബത്തിന് ധനസഹായം നൽകുമെന്ന് ചാണ്ടി ഉമ്മൻ എംഎൽഎ. ഉമ്മൻ ചാണ്ടി ഫൗണ്ടേഷനിലൂടെ 5 ലക്ഷം രൂപ നൽകുമെന്ന് അറിയിച്ചു. ബിന്ദുവിന്റെ കുടുംബത്തിന്
സർക്കാർ ധനസഹായം നൽകുമെന്ന് മന്ത്രി വി.എൻ വാസവൻ പ്രഖ്യാപിച്ചിരുന്നു. ഇന്നത്തെ സംസ്കാര ചടങ്ങിനായി 50,000 രൂപയും നൽകുമെന്ന് മന്ത്രി വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ചാണ്ടി ഉമ്മന്റേയും ധനസഹായ പ്രഖ്യാപനം. അപകടം നടന്നയുടൻ ചാണ്ടി ഉമ്മൻ മെഡിക്കൽ കോളേജിൽ എത്തിയിരുന്നു.
അപകടത്തിൽ മരിച്ച ബിന്ദുവിന്റെ സംസ്കാരം ഇന്ന് തലയോലപ്പറമ്പിലെ വീട്ടിൽ നടക്കും. പോസ്റ്റ്മോർട്ടം പൂർത്തിയാക്കിയ ശേഷം മൃതദേഹം ഇന്നലെ മുട്ടുച്ചിറയിലെ സ്വകാര്യ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയിരുന്നു. രാവിലെ ഏഴ് മണിക്ക് ആശുപത്രിയിൽ നിന്ന് മൃതദേഹം വീട്ടിൽ എത്തിച്ചു. അപകടം നടന്ന് രണ്ടര മണിക്കൂറിനു ശേഷമാണ് ബിന്ദുവിനെ രക്ഷാപ്രവർത്തകർ പുറത്തെടുത്തത്. മകളുടെ ഒപ്പം ആശുപത്രിയിൽ കൂട്ടിരിക്കാൻ എത്തിയതായിരുന്നു ബിന്ദു. ആശുപത്രി കെട്ടിടത്തില്‍ കുളിക്കാന്‍ പോയപ്പോഴായിരുന്നു അപകടം.
പുറത്തെടുത്ത ബിന്ദുവിനെ ആശുപത്രിയിലെ അത്യാഹിതവിഭാഗത്തിലേക്ക് മാറ്റിയെങ്കിലും മരണം സംഭവിക്കുകയായിരുന്നു. ഇടിഞ്ഞു വീണ കെട്ടിടത്തിലെ ശുചിമുറിയിലേക്ക് പോയ അമ്മ തിരികെവന്നില്ലെന്നും ഫോണ്‍ വിളിച്ചിട്ട് എടുക്കുന്നില്ലെന്നും ബിന്ദുവിന്റെ മകള്‍ പറഞ്ഞിരുന്നു. ഇതോടെയാണ് ജെസിബി എത്തിച്ച് അഗ്നിരക്ഷാ ഉദ്യോഗസ്ഥരും പോലീസും കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ വിശദമായ തിരച്ചില്‍ ആരംഭിച്ചത്. തുടർന്നാണ് ഒരുമണിയോടെ ഇവരെ കണ്ടെത്തിയത്. ഇന്നലെ രാവിലെ 11 മണിയോടെയാണ് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലെ പതിനാലാം വാർഡ് ആണ് ഇടിഞ്ഞുവീണത്.
അപകടത്തിൽ മൂന്നുപേർക്ക് പരിക്കേറ്റിരുന്നു എന്നാൽ പിന്നീടാണ് ഇടിഞ്ഞു വീണ കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ ഒരാൾ കുടുങ്ങിക്കിടപ്പുണ്ട് എന്ന തരത്തിലുള്ള വിവരം പുറത്തുവന്നത്. ഏറെ കാലപ്പഴക്കമുള്ള മൂന്ന് നിലക്കെട്ടിടമാണ് ഇടിഞ്ഞു വീണത്. ഓർത്തോപീഡിക്സ് സർജറി വിഭാഗമാണ് നേരത്തെ ഇവിടെ പ്രവർത്തിച്ചിരുന്നത്. ശുചിമുറിയും ഈ കെട്ടിടത്തിലാണ് ഉണ്ടായിരുന്നത്. അതേസമയം, സംഭവത്തിൽ ആരോഗ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ഇന്നും സംസ്ഥാന വ്യാപകമായി പ്രതിഷേധങ്ങൾ നടക്കുകയാണ്.