അവകാശികളില്ല; രാജ്യത്തെ വിവിധ ബാങ്കുകളിലായി കെട്ടിക്കിടക്കുന്നത് 67,003 കോടി രൂപ




കൊച്ചി: അവകാശികളില്ലാതെ രാജ്യത്തെ വിവിധ ബാങ്കുകളിലായി കെട്ടിക്കിടക്കുന്നത് 67,003 കോടി രൂപ! പൊതുമേഖലാ ബാങ്കുകളിലാണ് കൂടുതല്‍പണവും ഉള്ളത്. അവകാശികളില്ലാത്ത നിക്ഷേപങ്ങളുടെ 87 ശതമാനവും പൊതുമേഖലാ ബാങ്കുകളിലാണുള്ളതെന്ന് ധനകാര്യ മന്ത്രാലയം പാര്‍ലമെന്റില്‍ അറിയിച്ച കണക്കുകള്‍ വ്യക്തമാക്കുന്നു.2025 ജൂണ്‍ 30 വരെയുള്ള കണക്കെടുത്താല്‍ വിവിധ പൊതുമേഖലാ ബാങ്കുകളിലായി 58,330.26 കോടി രൂപയാണ് ഇത്തരത്തില്‍ കെട്ടിക്കിടക്കുന്നത്. ഇതില്‍ 29 ശതമാനം വിഹിതവും എസ്ബിഐയിലാണുള്ളത്. സ്വകാര്യ ബാങ്കുകളില്‍ അവകാശികളില്ലാത്ത 8,673.72 കോടി രൂപയാണുള്ളത്. ഇതില്‍ 2,063.45 കോടി രൂപയുമായി ഐസിഐസിഐ ബാങ്കാണ് മുന്നില്‍.സേവിങ്സ് ബാങ്ക്, കറന്റ് അക്കൗണ്ടുകളില്‍ 10 വര്‍ഷമായി ഇടപാടുകളൊന്നും നടക്കാത്ത പണവും കാലാവധി പൂര്‍ത്തിയായി 10 വര്‍ഷത്തിനകം ക്ലെയിം ചെയ്യപ്പെടാത്ത ഫിക്‌സഡ് ഡിപ്പോസിറ്റുകളിലുള്ള പണവുമാണ് അവകാശികളില്ലാത്ത നിക്ഷേപങ്ങളായി കണക്കാക്കുന്നത്. ഈ സമയപരിധി കഴിഞ്ഞാല്‍ റിസര്‍വ് ബാങ്കിന്റെ നിക്ഷേപക ബോധവത്കരണ ഫണ്ടിലേക്ക് പണം മാറ്റും.
Previous Post Next Post