
ആലപ്പുഴ: ആണ്‍സുഹൃത്തിനെ രക്ഷിക്കാന്‍ അതിജീവിത നല്‍കിയ മൊഴിയില്‍ 75-കാരന്‍ ജയിലില്‍ കഴിഞ്ഞത് 285 ദിവസം. വിചാരണവേളയില്‍ അതിജീവിത സത്യം തുറന്നുപറഞ്ഞതോടെയാണ് ആലപ്പുഴ അഡീഷണല്‍ സെഷന്‍സ് പോക്സോ പ്രത്യേക കോടതി വയോധികനെ വെറുതെ വിട്ടത്. അതിജീവിതയുടെ പുതിയ മൊഴിയില്‍ ആണ്‍സുഹൃത്ത് പ്രതിയായി.
2022 ഓഗസ്റ്റ് മാസമാണ് കേസിനാസ്പദമായ സംഭവം നടന്നത്. അച്ഛന്‍ ഉപേക്ഷിച്ച് പോയ കുട്ടി അമ്മയ്‌ക്കൊപ്പമായിരുന്നു താമസം. ഇവര്‍ രണ്ടാളും മാത്രമേ വീട്ടില്‍ താമസം ഉണ്ടായിരുന്നുള്ളൂ. ഇതേ സമയം കുട്ടി പഠിക്കുന്ന സ്‌കൂളിലെ സെക്യൂരിറ്റി ജീവനക്കാരനായ വയോധികന്‍ ഈ കുടുംബവുമായി അടുപ്പത്തിലായി.
സ്‌കൂളിലെ സഹപാഠികളോടാണ് കുട്ടി പീഡനത്തെക്കുറിച്ചുള്ള വിവരം ആദ്യം പറഞ്ഞത്. സംഭവം അറിഞ്ഞ സ്‌കൂള്‍ അധികൃതര്‍ ആലപ്പുഴ നോര്‍ത്ത് പോലീസില്‍ വിവരം അറിയിച്ചു. പിന്നാലെ, അവര്‍ വയോധികനെ അറസ്റ്റ് ചെയ്തു. ജാമ്യം ലഭിക്കാതെ വയോധികന്‍ റിമാന്‍ഡില്‍ കഴിയവേ 2023-ലാണ് കേസില്‍ വിചാരണ തുടങ്ങിയത്. കേസില്‍ ഒന്നാം സാക്ഷിയായി കുട്ടി മൊഴി നല്‍കി.
പ്രതിഭാഗം ക്രോസ് വിസ്താരം നടത്തുന്നതിനിടയിലാണ് പൊട്ടിക്കരഞ്ഞുകൊണ്ട് കുട്ടി, താന്‍ നല്‍കിയ മൊഴി തെറ്റാണെന്ന് കോടതിയില്‍ പറഞ്ഞത്. തന്റെ ആണ്‍സുഹൃത്തിനെതിരെ കോടതിയില്‍ മൊഴിയും നല്‍കി. ആണ്‍ സുഹൃത്തിനെ രക്ഷിക്കാന്‍ വേണ്ടിയാണ് വയോധികനെതിരെ മൊഴി നല്‍കിയതെന്നും കുട്ടി കോടതിയില്‍ വെളിപ്പെടുത്തി. ഇതേ തുടര്‍ന്ന് കോടതി കേസില്‍ തുടരന്വേഷണത്തിന് ഉത്തരവിട്ടു.