കൊല്ലത്ത് സ്കൂൾ വിദ്യാർത്ഥി ഷോക്കടിച്ച് മരിച്ച സംഭവത്തിൽ പ്രതിപക്ഷ യുവജന സംഘടനകളുടെ പ്രതിഷേധ രീതിയെ വിമർശിച്ച് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. വിഷയത്തിൽ രാഷ്ട്രീയ മുതലെടുപ്പ് നടത്തരുത്. മരണവീട്ടിൽ പോകുമ്പോൾ ഒളിച്ചിരുന്ന് മന്ത്രിയുടെ വാഹനത്തിന് മുന്നിൽ ചാടി വീണ് കരിങ്കൊടി കാണിക്കുന്നത് മറ്റൊരു രക്തസാക്ഷിയെ സൃഷ്ടിക്കാനാണെന്നും മന്ത്രി തിരുവനന്തപുരത്ത് വാർത്താസമ്മേളനത്തിൽ വിമർശിച്ചു.
സ്കൂൾ മാനേജർക്ക് സംഭവത്തിൽ നോട്ടീസ് നൽകി. ഇന്നലെ ഡെപ്യൂട്ടി ഡയറക്ടർമാരുടെ യോഗം ചേർന്നു. കൊല്ലത്തേത് പോലുള്ള കാര്യങ്ങൾ എവിടെയെങ്കിലും ഉണ്ടോയെന്ന് പരിശോധിക്കാൻ നിർദേശിച്ചു. ഇതിന്റെ പേരിൽ രാഷ്ട്രീയ മുതലെടുപ്പ് നടത്തരുത്. കുട്ടിയുടെ വീട്ടിൽ മന്ത്രി അടക്കം പോകുമ്പോൾ കാറിനു മുന്നിൽ ചാടുന്നത് ശരിയല്ല. സംഭവം നടന്ന് 24 മണിക്കൂറിനുള്ളിൽ നടപടിയെടുത്തു. ഇതുപോലെ മുൻപ് വേഗത്തിൽ നടപടിയുണ്ടായിട്ടുണ്ടോ? എന്നിട്ടും കരിങ്കൊടി കാണിക്കുന്നു എന്നും അദ്ദേഹം പറഞ്ഞു.