
അടൂരിലെ അനാഥാലയത്തിൽ പ്രായപൂർത്തിയാകാത്ത അന്തേവാസി ഗർഭിണിയായതിൽ നടപടിയുമായി ശിശുക്ഷേമ സമിതി. അന്തേവാസികളായ പെൺകുട്ടികളെ അവിടെനിന്ന് മാറ്റാനാണ് ശിശുക്ഷേമ സമിതിയുടെ തീരുമാനം. അനാഥ മന്ദിരത്തിന്റെ അംഗീകാരം റദ്ദാക്കാൻ സാദ്ധ്യതയുള്ളതായും വിവരമുണ്ട്.അനാഥാലയത്തിലെ പ്രായപൂർത്തിയാകാത്ത പെൺകുട്ടി പ്രസവിച്ചതിൽ പൊലീസ് പോക്‌സോ കേസ് രജിസ്റ്റർ ചെയ്തിരിക്കുകയാണ്.
അനാഥ മന്ദിരത്തിലെ നടത്തിപ്പുകാരിലൊരാൾ ഈ അന്തേവാസിയെ വിവാഹം ചെയ്തിരുന്നു. ഇവർക്ക് കുഞ്ഞ് ജനിച്ചതോടെയാണ് പരാതി ഉയർന്നത്. ഗർഭധാരണം നടന്നത് പ്രായപൂർത്തിയാകുന്നതിന് മുൻപെ ആണെന്നാണ് ശിശുക്ഷേമ സമിതിയുടെ കണ്ടെത്തൽ.2024 ഒക്‌ടോബർ 23നായിരുന്നു യുവതിയുടെ വിവാഹം. കഴിഞ്ഞ ജൂൺ രണ്ടിനാണ് പ്രസവിച്ചത്. സമിതിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് പോക്‌സോ കേസ് രജിസ്റ്റർ ചെയ്തത്. റിപ്പോർട്ട് പരിശോധിച്ച പൊലീസ് യുവതിയെ ചികിത്സിച്ച സ്വകാര്യ ആശുപത്രിയിലെ ഡോക്‌ടറുടെ മൊഴി രേഖപ്പെടുത്തി. ഇതിന്റെ കൂടി അടിസ്ഥാനത്തിലാണ് കേസെടുത്തത്.