സ്‌കൂൾ സമയമാറ്റം പിൻവലിക്കുമോ, മതസംഘടനകളുമായുള്ള ചർച്ച ഇന്ന്…




തിരുവനന്തപുരം: സ്കൂൾ സമയ മാറ്റത്തിലെ തർക്കങ്ങൾ പരിഹരിക്കാൻ സർക്കാർ ഇന്ന് മതസംഘടനകളുമായി ചർച്ച നടത്തും. സമസ്ത അടക്കം സമയമാറ്റത്തെ ശക്തമായി എതിർത്ത പശ്ചാത്തലത്തിലാണ് നടപടി. രാവിലെ 9.45 മുതൽ വൈകിട്ട് 4.15 വരെ ക്ലാസ് സമയം നീട്ടുന്നത് മതപഠനത്തിന് തടസ്സമാകുമെന്നാണ് ഒരു വിഭാഗം പറയുന്നത്. ഹൈക്കോടതി നിർദ്ദേശ പ്രകാരമാണ് സ്കൂൾ സമയം അരമണിക്കൂർ വർധിപ്പിക്കാൻ സർക്കാർ തീരുമാനിച്ചത്. ഇക്കാര്യം മതസംഘടനകളോട് വിശദീകരിക്കാനാണ് സർക്കാർ ശ്രമിക്കുക.

അതേസമയം മതസംഘടനകൾക്ക് വഴങ്ങരുതെന്നും സമയ മാറ്റം വേണ്ടെന്ന് വെച്ചാൽ സമരം നടത്തുമെന്നും ബിജെപി അറിയിച്ചിരുന്നു. എന്നാൽ സമയ മാറ്റത്തിന്‍റെ സാഹചര്യം ബോധ്യപ്പെടുത്തുന്നതിനാണ് ചർച്ചയെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി അടക്കം വിശദീകരിക്കുന്നു. എട്ട് മുതൽ പത്താം ക്ലാസ് വരെയുള്ള കുട്ടികളുടെ സ്‌കൂൾ സമയം അരമണിക്കൂർ വർധിപ്പിക്കാൻ കഴിഞ്ഞ മാസമാണ് സർക്കാർ തീരുമാനിച്ചത്. വെള്ളിയാഴ്ച ഒഴികെയുള്ള ദിവസങ്ങളിൽ രാവിലെയും ഉച്ചയ്ക്കുമായി പ്രവർത്തന സമയം 15 മിനുട്ട് വീതമാണ് വർധിപ്പിച്ചത്.
أحدث أقدم