തിങ്കളാഴ്ച രാത്രി ഏഴ് മണി. പുറത്ത് ശക്തമായ മഴ. പൊത്തപ്പാറ കുരിശു പള്ളിക്ക് സമീപം വളയിൽ ബാബുവിന്റെ വീട്ടിൽ ഭാര്യ ജയന്തി ഒറ്റയ്ക്കായിരുന്നു. അടുക്കളയിൽ അത്താഴം പാകം ചെയ്യുന്നതിനിടെയാണ് വാതിൽ ശക്തമായി മുട്ടുന്ന ശബ്ദം ജയന്തി കേട്ടത്. പിന്നാലെ മഴക്കോട്ട് കൊണ്ട് ശരീരം മൂടിയ ആൾ രൂപം വീടിനകത്തേക്ക് പ്രവേശിച്ചു. രണ്ടു കണ്ണുകൾ മാത്രം കാണാവുന്ന തരത്തിലുള്ള രൂപം.
കയ്യിലുണ്ടായിരുന്ന കത്തി ജയന്തിയുടെ നേർക്ക് വീശി. പണവും സ്വർണവും എവിടെയെന്ന് ചോദ്യം. കാണിച്ചു തന്നില്ലെങ്കിൽ കൊല്ലുമെന്ന് ഭീഷണി. കത്തി കഴുത്തിൽ വച്ചതോടെ ജയന്തി കുതറിയോടി അടുത്ത മുറിയിൽ കയറി വാതിലടച്ചു. ആ സമയത്ത് അലമാരയിൽ സൂക്ഷിച്ചിരുന്ന മൂന്ന് പവൻ മാലയും ആശുപത്രി ആവശ്യങ്ങൾക്കായി ലോണെടുത്ത 45000 രൂപയും മോഷ്ടാവ് കൊണ്ടുപോയി. അലമാരയിലുണ്ടായിരുന്ന വസ്ത്രങ്ങളെല്ലാം വാരിവലിച്ചിട്ട നിലയിലാണ്. വടക്കഞ്ചേരി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.