തെരഞ്ഞെടുപ്പിൽ എൽഡിഎഫും സിപിഎമ്മും തോൽക്കുമെന്ന് ഏറെക്കുറെ ഉറപ്പായപ്പോൾ, ജനാധിപത്യ വിരുദ്ധമായി തെരഞ്ഞെടുപ്പിനെ തന്നെ അട്ടിമറിക്കാനാണ് ഇടതുപക്ഷം: ബിജെപി നേതാവ് പികെ കൃഷ്ണദാസ്


വരാനിരിക്കുന്ന ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ എൽഡിഎഫും സിപിഎമ്മും തോൽക്കുമെന്ന് ഏറെക്കുറെ ഉറപ്പായപ്പോൾ, ജനാധിപത്യ വിരുദ്ധമായി തെരഞ്ഞെടുപ്പിനെ തന്നെ അട്ടിമറിക്കാനാണ് ഇടതുപക്ഷം ഇപ്പോൾ ശ്രമിക്കുന്നതെന്ന് ബിജെപി നേതാവ് പികെ കൃഷ്ണദാസ് പറഞ്ഞു  കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തിൽ കേട്ടു കേൾവി ഇല്ലാത്ത രീതിയിലാണ് വാർഡ് വിഭജനത്തിലും വോട്ടർ പട്ടിക തയ്യാറാക്കിയതിലും ഗുരുതരമായ കൃത്രിമം കാണിച്ചിരിക്കുന്നത്.ഇതിനുപിന്നിൽ വൻ ഗൂഢാലോചന നടന്നിട്ടുണ്ട്. മുഖ്യമന്ത്രിയും പാർട്ടിയുടെ സംസ്ഥാന സെക്രട്ടറിയും തെരഞ്ഞെടുപ്പ് കമ്മീഷനും ഈ ഗൂഢാലോചനയിൽ പങ്കാളികളായിട്ടുണ്ട്. സിപിഎം ഓഫീസിൽ നിന്നും നൽകിയ രാഷ്ട്രീയ ഭൂപടത്തിന്റെ അടിസ്ഥാനത്തിലാണ് വാർഡ് വിഭജനം നടപ്പിലാക്കിയിരിക്കുന്നത്. വാർഡ് വിഭജനത്തിന് നേതൃത്വം നൽകിയത് സിപിഎമ്മിന്റെ ജില്ലാ സെക്രട്ടറിമാരും പ്രാദേശിക നേതാക്കളുമാണെന്നും അദ്ദേഹം പറഞ്ഞു

വാർഡ് വിഭജനത്തിന്റെ രൂപരേഖ തയ്യാറാക്കിയതും പാർട്ടി നേതൃത്വമാണ്. അത് തെരഞ്ഞെടുപ്പ് കമ്മീഷൻ അംഗീകരിക്കുകയുമായിരുന്നു. സർവകക്ഷി യോഗത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ നൽകിയ ഉറപ്പുകൾ എല്ലാം പാഴായി. വോട്ടർ പട്ടികയിലെ കൃത്രിമവും വാർഡ് വിഭജനത്തിലെ അശാസ്ത്രീയതയും തിരുവനന്തപുരം ഉൾപ്പെടെയുള്ള 14 ജില്ലകളിലും ഉണ്ട്.സിപിഎമ്മിന് വിജയിക്കാൻ വേണ്ടിയുള്ളതായിരുന്നു ഈ അശാസ്ത്രീയ വാർഡ് വിഭജനം. സിപിഎമ്മിന്റെ വിജയം ഉറപ്പാക്കുകയും എൻഡിഎയുടെ പരാജയം ഉറപ്പാക്കുകയും ചെയ്യുന്ന വിധത്തിലാണ് വിഭജനം നടത്തിയിരിക്കുന്നത്.

വാർഡ് വിഭജനം സംബന്ധിച്ച പരാതി പരിശോധിക്കാനുള്ള ഡി-ലിമിറ്റേഷൻ കമ്മിറ്റി പൂർണ്ണ പരാജയമാണ്. 5000ത്തിലധികം പരാതികൾ ഈ കമ്മിറ്റിക്ക് മുമ്പിൽ ലഭിച്ചിട്ടുണ്ട്. ഈ പരാതികൾ അന്വേഷിക്കാൻ ഉദ്യോഗസ്ഥരെ പോലും നിയോഗിച്ചിട്ടില്ല. ഓരോ പരാതിയും പ്രത്യേകം റിപ്പോർട്ട് തയ്യാറാക്കി പരിഹരിക്കേണ്ടതായിരുന്നു.

Previous Post Next Post