കോതമംഗലം: പൈങ്ങോട്ടൂരിൽ സ്വകാര്യബസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ സ്ത്രീ മരിച്ചു. കക്കടാശ്ശേരി-കാളിയാർ റോഡിൽ പൈങ്ങോട്ടൂർ ആയങ്കര മൃഗാശുപത്രിക്ക് സമീപം ശനിയാഴ്ച രാവിലെ 9.30ഓടെയുണ്ടായ അപകടത്തിൽ കോതമംഗലം സ്വദേശി റീത്ത ആണ് മരിച്ചത്.
മൂവാറ്റുപുഴയിൽ നിന്ന് കാളിയാർക്ക് പോകുകയായിരുന്ന ശ്രീക്കുട്ടി എന്ന സ്വകാര്യ ബസും എതിർ ദിശയിൽ വന്ന ഓട്ടോറിക്ഷയും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ ഓട്ടോ ഡ്രൈവറും റീത്തയുടെ മരുമകനുമായ കടവൂർ മലേക്കുടിയിൽ ബിജു(45), ബിജുവിന്‍റെ മകൾ ആൻമേരി(15) എന്നിവർക്ക് പരുക്കേറ്റു.
ഗുരുതരമായി പരുക്കേറ്റ ബിജുവിനെയും ആൻമേരിയെയും തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബിജു അത്യാഹികവിഭാഗത്തിൽ ചികിത്സയിലാണ്. അപകടത്തിൽ റീത്ത തൽക്ഷണം മരിക്കുകയായിരുന്നു. അപകടത്തിൽ പരുക്കേറ്റ് കോലഞ്ചേരി മെഡിക്കൽ കോളെജിൽ പ്രവേശിപ്പിച്ച ബസ് കണ്ടക്ടർ വണ്ണപ്പുറം നെല്ലിക്കുന്നേൽ ബിനു(50) ആശുപത്രിവിട്ടു. ഇടിയുടെ ആഘാതത്തിൽ ഓട്ടോറിക്ഷ പൂർണമായും തകർന്നു.