പെണ്‍കുട്ടികളോട് സംസാരിച്ചത് ഇഷ്ടമായില്ല; പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ഥിയെ സഹപാഠികള്‍ മര്‍ദ്ദിച്ചു കൊന്നു..





പെണ്‍കുട്ടികളോട് സംസാരിച്ചതിനെത്തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ ഈറോഡില്‍ 12-ാം ക്ലാസ് വിദ്യാര്‍ഥിയായ 17കാരനെ അതേ സ്‌കൂളിലെ മറ്റ് രണ്ട് വിദ്യാര്‍ഥികള്‍ മര്‍ദിച്ച് കൊന്നു. ഈറോഡ് സര്‍ക്കാര്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ വിദ്യാര്‍ഥിയാണ് മരിച്ചത്. 

ബയോളജി ഗ്രൂപ്പ് വിദ്യാര്‍ഥിയായ ആദിത്യയെ പന്ത്രണ്ടാം ക്ലാസില്‍ തന്നെ മറ്റു ഗ്രൂപ്പുകളില്‍ പഠിക്കുന്ന രണ്ടു വിദ്യാര്‍ഥികള്‍ ചേര്‍ന്നാണ് മര്‍ദ്ദിച്ച് കൊലപ്പെടുത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് രണ്ടു വിദ്യാര്‍ഥികളെ ഈറോഡ് ടൗണ്‍ പൊലീസ് അറസ്റ്റ് ചെയ്തു.

സംഭവ ദിവസം അച്ഛനാണ് ആദിത്യയെ സ്‌കൂളില്‍ കൊണ്ടു ചെന്നുവിട്ടത്. ക്ലാസില്‍ കയറാതെ, രണ്ടു സുഹൃത്തുക്കള്‍ക്കൊപ്പം ആദിത്യ പുറത്തുപോയി. മറ്റ് ഗ്രൂപ്പുകളില്‍ നിന്നുള്ള വിദ്യാര്‍ഥികളുമായി വഴക്കുണ്ടായതായി ആദിത്യ ഒരാഴ്ച മുന്‍പ് പിതാവിനെ അറിയിച്ചിരുന്നു. ആദിത്യ അവരുടെ ക്ലാസിലെ പെണ്‍കുട്ടികളോട് സംസാരിക്കരുതെന്ന് ഭീഷണിപ്പെടുത്തിയതായും പൊലീസ് വൃത്തങ്ങള്‍ പറഞ്ഞു.

വൈകുന്നേരം 5.15 ഓടെ സ്‌കൂള്‍ പരിസരത്ത് നിന്ന് ഏകദേശം 200 മീറ്റര്‍ അകലെയാണ് സംഭവം. പെണ്‍കുട്ടികളോട് സംസാരിച്ചതിനെ ചൊല്ലി ആദിത്യയും മറ്റു വിദ്യാര്‍ഥികളും തമ്മില്‍ വാക്കേറ്റമുണ്ടായി. തുടര്‍ന്ന് രണ്ട് പ്രതികളുടെ നേതൃത്വത്തിലുള്ള സംഘം ആദിത്യയെ ആക്രമിക്കുകയായിരുന്നു. സംഭവം കണ്ട നാട്ടുകാര്‍ പിതാവിനെ വിവരമറിയിക്കുകയും മര്‍ദ്ദനത്തില്‍ അബോധാവസ്ഥയിലായ ആണ്‍കുട്ടിയെ ഉടന്‍ തന്നെ ഈറോഡ് സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിക്കുകയും ചെയ്‌തെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല.
أحدث أقدم