35 വര്‍ഷം മുമ്പ് രണ്ട് കൊലപാതകം ചെയ്തെന്ന് ഏറ്റു പറയുക. കൊല ചെയ്ത സ്ഥലം വെളിപ്പെടുത്തിയെങ്കിലും കൊല്ലപ്പെട്ടവരെക്കുറിച്ച് ഒരു സൂചന പോലുമില്ലാതിരിക്കുക. വേങ്ങര സ്വദേശി മുഹമ്മദലിയുടെ വെളിപ്പെടുത്തലില്‍ വെട്ടിലായിരിക്കുന്നത് പൊലീസാണ്. മുഹമ്മദലിയുടെ വെളിപ്പെടുത്തലിനെ തുടർന്ന് 1986ല്‍ കൂടരഞ്ഞിയിൽ നടന്ന ദുരൂഹ മരണത്തിന്‍റെ വേരു തേടി അന്വേഷണം തുടങ്ങിയ പൊലീസിന് അന്നത്തെ കാലത്തെ കേസ് ഫയലുകളൊന്നും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.
അതേസമയം മുഹമ്മദലി മാനസിക പ്രശ്തങ്ങള്‍ക്ക് ചികിത്സ തേടിയിരുന്നുവെന്ന സഹോദരന്‍റെ വെളിപ്പെടുത്തലില്‍ ആ വഴിക്കും പൊലീസ് പരിശോധന നടത്തുന്നുണ്ട്. മുമ്പ് ഇയാള്‍ ചികിത്സ തേടിയ കോഴിക്കോട് എരഞ്ഞിപ്പാലത്തെ ആശുപത്രി രണ്ടു വര്‍ഷം മുമ്പ് പൂട്ടിയതായി അന്വേഷണ സംഘം കണ്ടെത്തി. വെള്ളയില്‍ ബീച്ചില്‍ വെച്ച് സുഹൃത്തായ ബാബുവിനൊപ്പം കൊലപാതകം നടത്തിയെന്ന വെളിപ്പെടുത്തലിനെക്കുറിച്ച് ടൗണ്‍ എസിപിയുടെ നേതൃത്വത്തില്‍ എട്ടംഗ ക്രൈം സ്ക്വാഡ് ആണ് അന്വേഷണം നടത്തുന്നത്.