
തിരുവനന്തപുരം: പത്തു വയസുകാരിയെ പീഡിപ്പിച്ച കേസിൽ തിരുവനന്തപുരം സ്വദേശിയായ മൂന്നാനച്ഛൻ അനിൽ കുമാറിന് പതിനഞ്ച് കൊല്ലം കഠിന തടവും 45,000 രൂപ പിഴയും വിധിച്ച് കോടതി. തിരുവനന്തപുരം പ്രത്യേക അതിവേഗ കോടതി ജഡ്ജ് അഞ്ജു മീര ബിർളയാണ് ശിക്ഷ വിധിച്ചത്. പിഴ അടച്ചില്ലെങ്കിൽ ഒന്നരകൊല്ലം കൂടുതൽ തടവ് അനുഭവിക്കണം. പിഴ തുക അതിജീവിതയ്ക്ക് നൽകാനും വിധിയിൽ പറയുന്നു.
2020 മാർച്ച് മാസമാണ് പ്രതി അതിജീവിതയെ പീഡിപ്പിച്ചതെന്നാണ് പ്രോസിക്യൂഷൻ കേസ്. ഇത് കൂടാതെ മൊബൈലിലൂടെ അശ്ലീല വീഡിയോകൾ കാണിച്ചു കൊടുത്തെന്നും മൊഴിയിലുണ്ട്. പ്രതി ഭീഷണിപ്പെടുത്തിയതിനാൽ സംഭവങ്ങളൊന്നും കുട്ടി പുറത്താരോടും തുറന്നു പറഞ്ഞില്ല. ഏറ്റവും ഒടുവിൽ പീഡിപ്പിച്ച ദിവസം അമ്മുമ്മയെ അറിയിച്ചതാണ് വഴിത്തിരിവായത്. തുടർന്ന് വീട്ടുകാർ നഗരൂർ പൊലീസ് സ്റ്റേഷനിൽ വിവരം അറിയിക്കുകയായിരുന്നു.