എഴുപതോളം കേസുകളിൽ പ്രതിയായ അന്തർ ജില്ലാ മോഷ്ടാവ് പൊലീസ് പിടിയിൽ

കോഴിക്കോട്: എഴുപതോളം കേസുകളിൽ പ്രതിയായ അന്തർ ജില്ലാ മോഷ്ടാവിനെ കോഴിക്കോട് ഫറോക്ക് പൊലീസ് പിടികൂടി. തൃശൂർ ചാലക്കുടി സ്വദേശിയായ ജെയ്സണെയാണ് (സുനാമി ജെയ്സൺ) പൊലീസ് പിടികൂടിയത്.

രാമനാട്ടുകര ബസ് സ്റ്റാൻഡ് പരിസരത്ത് വച്ച് പൊലീസ് നടത്തിയ വാഹന പരിശോധനക്കിടെയാണ് ഇ‍യാൾ പിടിയിലായത്. ജെയ്സൺ ഓടിച്ചിരുന്ന വാഹനത്തിന്‍റെ രേഖകൾ പരിശോധിച്ചപ്പോഴാണ് തൃശൂർ കേച്ചേരിയിൽ നിന്നും മോഷണം പോയ വാഹനത്തിന്‍റെ രേഖകളാണെന്ന് മനസിലായത്.

തുടരന്വേഷണത്തിൽ തൃശൂർ, മലപ്പുറം, പാലക്കാട് എറണാകുളം ജില്ലകളിൽ എഴുപതോളം കേസുകളിൽ ഇയാൾ പ്രതിയാണെന്നും കാപ്പ ചുമത്തി തൃശൂർ ജില്ലയിൽ നിന്നും നാട് കടത്തിയതാണെന്നും പൊലീസിന് ബോധ‍്യപ്പെട്ടു. തുടർന്ന് അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്തു.
Previous Post Next Post