16കാരനെ ഒരു വർഷത്തോളം ലൈംഗികമായി പീഡിപ്പിച്ചു; അധ്യാപിക അറസ്റ്റിൽ



മുംബൈ: പതിനാറ് വയസുള്ള വിദ്യാർഥിയെ ഒരു വർഷത്തോളം ലൈംഗികമായി പീഡിപ്പിച്ച കേസിൽ മുംബൈയിലെ സ്കൂൾ അധ്യാപിക അറസ്റ്റിൽ. 40 വയസുള്ള ഇംഗ്ലിഷ് അധ്യാപിക വിവാഹിതയും രണ്ടു കുട്ടികളുടെ അമ്മയുമാണ്. 2023 ഡിസംബറിലെ സ്കൂൾ വാ‌ർഷിക പരിപാടിയുടെ ഭാഗമായി കുട്ടിയും അധ്യാപികയും നിരവധി മീറ്റിങ്ങുകളിൽ ഒരുമിച്ച് പങ്കെടുത്തിരുന്നു. ആ സമയത്ത് തനിക്ക് കുട്ടിയോട് ആകർഷണം തോന്നിയിരുന്നതായും അതു പല വിധത്തിൽ കുട്ടിയോട് പ്രകടിപ്പിച്ചതായും അധ്യാപിക പൊലീസിനോട് സമ്മതിച്ചിട്ടുണ്ട്. തുടക്കത്തിൽ വിദ്യാർഥി അധ്യാപികയുടെ സമീപനത്തിൽ എതിർപ്പ് പ്രകടിപ്പിച്ചിരുന്നു. കുട്ടി തന്നെ നിരന്തരമായി അവഗണിച്ചതോടെ സ്കൂളിൽ നിന്ന് സ്ഥലം മാറിപ്പോയ മറ്റൊരു സുഹൃത്തിനോട് അധ്യാപിക സഹായം ആവശ്യപ്പെട്ടു.

മുതിർന്ന സ്ത്രീകളുമായി ബന്ധമുണ്ടാകുന്നത് സാധാരണ കാര്യമാണെന്നും വിദ്യാർഥിയും അധ്യാപികയും മികച്ച ജോഡിയാണെന്നും നിരന്തരം പറഞ്ഞതോടെ വിദ്യാർഥി പ്രതിയുമായി കൂടിക്കാഴ്ചയ്ക്ക് തയാറായി. ഇതേ തുടർന്ന് കുട്ടിയെ കാറിൽ കയറ്റി ഒഴിഞ്ഞ സ്ഥലത്തെത്തിച്ച അധ്യാപിക ലൈംഗികമായി ഉപദ്രവിക്കുകയായിരുന്നു. അടുത്ത ദിവസങ്ങളിൽ കുട്ടി കടുത്ത ഉത്കണ്ഠ മൂലം അവശനായി. കുട്ടിക്ക് മാനസിക സമ്മർദം ഇല്ലാതാക്കാനുള്ള മരുന്നും അധ്യാപിക നൽകിയിരുന്നു. പിന്നീട് കുട്ടിക്ക് മദ്യം നൽകിയതിനു ശേഷം മുംബൈ വിമാനത്താവളത്തോട് ചേർന്ന ഫൈവ് സ്റ്റാർ ഹോട്ടലിൽ എത്തിച്ചും ലൈംഗിക ചൂഷണം തുടർന്നു.

കുട്ടിയുടെ പെരുമാറ്റത്തിൽ മാറ്റങ്ങൾ കണ്ടു തുടങ്ങിയത് കുടുംബാംഗങ്ങൾ ചോദ്യം ചെയ്തതോടെയാണ് കുറ്റകൃത്യം പുറത്തു വന്നത്. വിദ്യാർഥി ഉടൻ തന്നെ സ്കൂളിൽ നിന്ന് പഠനം അവസാനിപ്പിച്ച് മറ്റൊരു സ്കൂളിലേക്ക് മാറുമെന്നതിനാൽ സംഭവം രഹസ്യമായി സൂക്ഷിക്കാനാണ് കുടുംബാംഗങ്ങൾ തീരുമാനിച്ചത്. എന്നാൽ പ്ലസ്ടു പരീക്ഷ കഴിഞ്ഞ് കുട്ടി സ്കൂൾ വിട്ടിട്ടും അധ്യാപിക കുട്ടിയുമായി ബന്ധപ്പെടാൻ ശ്രമിച്ചു. അതോടെയാണ് വീട്ടുകാർ പരാതി നൽകാൻ തീരുമാനിച്ചത്. പോക്സോ, ജുവനൈൽ ജസ്റ്റിസ് ആക്റ്റുകൾ പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. അധ്യാപികയ്ക്കു വേണ്ടി കുട്ടിയോട് സംസാരിച്ച സ്ത്രീക്കെതിരേയും കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
Previous Post Next Post