‘ഇടതും വലതും ജയിപ്പിക്കുന്നവരിലധികവും നാമധാരി പട്ടികജാതിക്കാർമാത്രം’.. അധിക്ഷേപ പരാമര്‍ശവുമായി കെ സുരേന്ദ്രന്‍…


കൊടിക്കുന്നില്‍ സുരേഷിനെയും പി കെ ബിജുവിനുമെതിരെ അധിക്ഷേപ പരാമര്‍ശവുമായി കെ സുരേന്ദ്രന്‍. ഫേസ്ബുക്കില്‍ പങ്കുവെച്ച പോസ്റ്റിലൂടെയാണ് കൊടിക്കുന്നില്‍ സുരേഷിനും പി കെ ബിജുവിനുമെതിരെ സുരേന്ദ്രന്‍ അധിക്ഷേപ പരാമര്‍ശം ഉന്നയിച്ചിരിക്കുന്നത്.പട്ടികജാതി സംവരണ മണ്ഡലങ്ങളില്‍ പോലും കേരളത്തില്‍ ജയിച്ചുവരാനുള്ള അവസരം യഥാര്‍ത്ഥ പട്ടികജാതിക്കാര്‍ക്കില്ലെന്നും ഇടതും വലതും ജയിപ്പിക്കുന്നവരിലധികവും നാമധാരി പട്ടികജാതിക്കാര്‍മാത്രമാണെന്നുമാണ് കെ സുരേന്ദ്രന്റെ അധിക്ഷേപം.

ഛത്തീസ്ഗഡിന്റെ പശ്ചാത്തലത്തില്‍ വീണ്ടും ഓര്‍മ്മിപ്പിക്കുകയാണെന്ന് പറഞ്ഞുകൊണ്ടാണ് സുരേന്ദ്രന്റെ പോസ്റ്റ്. മോദി സര്‍ക്കാര്‍ വന്നതിനുശേഷം ഇത്തരം സംഭവങ്ങള്‍ കുറഞ്ഞു എന്നാണ് കണക്കുകള്‍ പറയുന്നത്. ഒറ്റപ്പെട്ട സംഭവങ്ങള്‍ പോലും പര്‍വ്വതീകരിക്കപ്പെടുന്ന കേരളത്തില്‍ എല്ലാവരും ബോധപൂര്‍വ്വം വിസ്മരിക്കുന്ന സത്യം ഇതാണെന്ന് പറഞ്ഞുകൊണ്ടാണ് കൊടിക്കുന്നില്‍ സുരേഷിനും പി കെ ബിജുവിനുമെതിരെ സുരേന്ദ്രന്‍ അധിക്ഷേപ പരാമര്‍ശം നടത്തിയത്.

അടൂര്‍ മണ്ഡലമായിരുന്ന കാലത്തും മാവേലിക്കര മണ്ഡലം രൂപീകരിച്ചതിന് ശേഷവും എട്ടോളം തവണയാണ് കൊടിക്കുന്നില്‍ സുരേഷ് പാര്‍ലമെന്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. പതിനഞ്ച്, പതിനാറ് ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ആലത്തൂര്‍ മണ്ഡലത്തെ പ്രതിനിധീകരിച്ച് പി കെ ബിജുവും ലോക്‌സഭയിലെത്തി. രണ്ട് മണ്ഡലങ്ങളും പട്ടികജാതി സംവരണ മണ്ഡലങ്ങളാണ്.


        

Previous Post Next Post