മലയാള വാര്‍ത്താ ചാനലുകളുടെ ജനപ്രീതിയിൽ (BARC) ഒന്നാം സ്ഥാനം തിരിച്ചുപിടിച്ച് ഏഷ്യാനെറ്റ് ന്യൂസ്. കഴിഞ്ഞയാഴ്ച മൂന്നാം സ്ഥാനത്തേക്ക് കൂപ്പുകുത്തിയ ഏഷ്യാനെറ്റ്, ഈ ആഴ്ചയിൽ 95 പോയിൻ്റ് നേടിയാണ് തിരിച്ചുവരവ് നടത്തിയിരിക്കുന്നത്. 15 പോയിൻ്റിൻ്റെ വ്യത്യാസത്തിൽ റിപ്പോർട്ടർ ടിവി മൂന്നാം സ്ഥാനത്തേക്കാണ് പോയത്. റിപ്പോർട്ടർ 80 നേടിയപ്പോൾ 85 പോയിൻ്റ് പിടിച്ച 24 ന്യൂസ് രണ്ടാം സ്ഥാനം കരസ്ഥമാക്കി.
പതിവുപോലെ 44 പോയന്റുമായി മനോരമ നാലാം സ്ഥാനത്തും, 41 മാതൃഭൂമി അഞ്ചാം സ്ഥാനത്തും ഉണ്ട്. നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ് ഫലം ഉള്‍പ്പെടെ പുറത്തുവന്ന ആഴ്ചയിലെ ബാര്‍ക്ക് റേറ്റിങ് പട്ടികയിലാണ് ഏഷ്യാനെറ്റ് ന്യൂസ് തിരിച്ചടി നേരിട്ടത്.
ആരോഗ്യമേഖലയിലെ വീഴ്ചകൾ പുറത്തുവന്ന കഴിഞ്ഞയാഴ്ച ഏഷ്യാനെറ്റ് ആഘോഷമാക്കിയ സർക്കാർ വിരുദ്ധ വാർത്തകളാണ് നഷ്ടപ്രതാപം തിരിച്ചുപിടിക്കാൻ സഹായിച്ചത് എന്നാണ് വിലയിരുത്തൽ.
തൊട്ടുമുൻപത്തെ ആഴ്ചയിൽ നിലമ്പൂർ വോട്ടെണ്ണല്‍ ദിനത്തില്‍ യൂട്യൂബ് വ്യൂസില്‍ അടക്കം ഏഷ്യാനെറ്റിന് വൻ ഇടിവുണ്ടായിരുന്നു. വോട്ടെണ്ണല്‍ നിര്‍ണ്ണായക ഘട്ടത്തിലേക്ക് കടന്ന 11 മണി കഴിഞ്ഞ സമയത്ത് 2,69,249 പേര്‍ യൂട്യൂബില്‍ റിപ്പോര്‍ട്ടര്‍ ചാനല്‍ കണ്ടപ്പോള്‍, ഏഷ്യാനെറ്റ് ന്യൂസ് കാണുന്നവരുടെ എണ്ണം വെറും 72,782 ആയിരുന്നു. അത് വലിയ തിരിച്ചടിയുടെ സൂചനയായിരുന്നു എന്നാണ് വിലയിരുത്തൽ ഉണ്ടായിരുന്നു