വീട്ടില്‍ ദൈവങ്ങളുടെ ചിത്രങ്ങളുടെ പിറകിൽ കഞ്ചാവ് പൊതികള്‍; നഗരത്തിലെ പ്രധാന മയക്കുമരുന്ന് കച്ചവടക്കാരിലൊരാളെ പോലീസ് പിടിയിൽ


        

നഗരത്തിലെ പ്രധാന മയക്കുമരുന്ന് കച്ചവടക്കാരിലൊരാളെ പോലീസ് പിടികൂടി. ഹൈദരാബാദ് ധൂല്‍പേട്ടില്‍ താമസിക്കുന്ന രോഹന്‍ സിങ്ങാണ് കഞ്ചാവുമായി പിടിയിലായത്. ഇയാളുടെ വീട്ടില്‍ ദൈവങ്ങളുടെ ചിത്രങ്ങളുടെ പിറകിലായാണ് കഞ്ചാവ് പൊതികള്‍ സൂക്ഷിച്ചിരുന്നതെന്നും ആര്‍ക്കും സംശയം തോന്നാതിരിക്കാനാണ് പ്രതി ഇങ്ങനെ ചെയ്തതെന്നും പോലീസ് പറഞ്ഞു.

ഏകദേശം പത്തുകിലോയോളം കഞ്ചാവാണ് പ്രതിയുടെ താമസസ്ഥലത്തുണ്ടായിരുന്നത്. പൊതികളാക്കി ദൈവങ്ങളുടെ ചിത്രങ്ങളുടെ പിറകിലായാണ് ഇവ രഹസ്യമായി സൂക്ഷിച്ചിരുന്നത്. ആര്‍ക്കും സംശയം തോന്നാതിരിക്കാന്‍ ഇവിടെയിരുന്ന് ഇയാള്‍ പൂജകള്‍ ചെയ്യുന്നതും പതിവായിരുന്നു.

പോലീസ് രോഹന്റെ വീട്ടില്‍ പരിശോധനയ്‌ക്കെത്തിയപ്പോള്‍ ആദ്യം കഞ്ചാവ് കണ്ടെടുക്കാനായിരുന്നില്ല. തുടര്‍ന്ന് സംശയം തോന്നിയ അന്വേഷണസംഘം ഇയാള്‍ പൂജ ചെയ്യുന്നയിടത്തെ ദൈവങ്ങളുടെ ചിത്രങ്ങളെല്ലാം വിശദമായി പരിശോധിച്ചതോടെയാണ് ഇതിന്റെ പിറകിലായി സൂക്ഷിച്ചിരുന്ന കഞ്ചാവ് പൊതികള്‍ കണ്ടെടുത്തത്.

ഒഡീഷയില്‍നിന്നാണ് പ്രതി ഹൈദരാബാദിലേക്ക് കഞ്ചാവ് എത്തിക്കുന്നതെന്ന് പോലീസ് പറഞ്ഞു. ഗച്ചിബൗളി, ധൂല്‍പേട്ട് ഉള്‍പ്പെടെ നഗരത്തിലെ വിവിധയിടങ്ങളില്‍ കഞ്ചാവ് വില്‍പ്പന നടത്തുന്നവരില്‍ പ്രധാനിയാണ് ഇയാളെന്നും പോലീസ് പറഞ്ഞു.

Previous Post Next Post