
ഇടമുറിയാത്ത മുദ്രാവാക്യം വിളികളോടെയും കണ്ണീരോടെയുമാണ് ആയിരക്കണക്കിന് ജനങ്ങൾ തങ്ങളുടെ പ്രിയപ്പെട്ട നേതാവിന് അന്ത്യാഞ്ജലി അർപ്പിക്കാൻ ഒഴുകിയെത്തിയത്. കണ്ഡമിടറുന്ന മുദ്രാവാക്യ വിളികളുടെ കമ്പടിയോടെ വിഎസ് അച്യുതാനന്ദന്റെ ഭൗതികദേഹവും വഹിച്ചുള്ള വിലാപയാത്ര ആലപ്പുഴ ബീച് റിക്രിയേഷൻ ഗ്രൗണ്ടിൽ എത്തിച്ചേർന്നു.
‘വിഎസ് അമരൻ’,’കണ്ണേ കരളേ വിഎസേ’ തുടങ്ങിയ മുദ്രാവാക്യങ്ങളാൽ മുഖരിതമാണ് ബീച് റിക്രിയേഷൻ ഗ്രൗണ്ട്. ഭൗതികദേഹം പ്രത്യേകം തയ്യാറാക്കിയ പന്തലിലേക്ക് മാറ്റിയ ശേഷം, തൃവർണ്ണ പതാക പുതപ്പിച്ച് പോലീസ് ഗാർഡ് ഓഫ് ഓണർ നൽകി. ജനപ്രതിനിധികൾ വിഎസിന് അന്തിമോപചാരമർപ്പിച്ചു. ജനത്തിരക്ക് നിയന്ത്രിക്കാനാകാത്ത നിലയിലേക്ക് എത്തിയതോടെ, വി എസിനെ കാണാൻ എത്തിയവരെ നാല് വരികളായി കടത്തി വിടുകയാണ്.